Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ

text_fields
bookmark_border
മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ
cancel

ഇന്ത്യയിലെ മാനേജർ പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം 12 ശതമാനത്തിലും താഴെയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന റിപ്പോർട്ട്. ഏഷ്യ-പസഫിക് മേഖലയിലെ 34 സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ 32ാം സ്ഥാനത്താണ്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

ഇന്ത്യയിലെ വനിതാ ജീവനക്കാർ പുരുഷന്മാരേക്കാൾ ഒരു മണിക്കൂറിന് 28 ശതമാനം കുറഞ്ഞ വേതനമാണ് കൈപ്പറ്റുന്നത്. വിവരങ്ങൾ ശേഖരിച്ച 23 ഏഷ്യ-പസഫിക് സമ്പദ്‌വ്യവസ്ഥകളിൽ ടോംഗ (ഏകദേശം 64%), ദക്ഷിണ കൊറിയ (ഏകദേശം 41%), വാനുവാട്ടു (ഏകദേശം 29%) എന്നിവയ്ക്ക് ശേഷം ഏറ്റവും വലിയ നാലാമത്തെ ലിംഗഭേദ അധിഷ്ഠിത വേതന വിടവാണിത്.

മാനേജർ പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം: ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ

2024ലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് പൊതുവായുള്ള മാനേജ്‌മെന്‍റ് പദവികളെയും മുതിർന്ന/ഇടത്തരം മാനേജ്‌മെന്‍റ് ചുമതലകളെയും ഉൾക്കൊള്ളുന്നു. മാനേജ്‌മെന്‍റ് തലത്തിന്‍റെ എല്ലാ തട്ടുകളിലും സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് നിലനിൽക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

"രണ്ട് പ്രധാന കാരണങ്ങളാലാണ് ഈ വിടവ് നിലനിൽക്കുന്നത്. ഒന്നാമതായി, സ്ത്രീകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും അല്ലെങ്കിൽ കഴിയില്ല എന്നതിനെക്കുറിച്ച് നിലനിൽക്കുന്ന വലിയ വാർപ്പ് മാതൃകകൾ കാരണമാണ് മാനേജർ പദവികളിലേക്ക് അവർ പരിഗണിക്കപ്പെടാതെ പോകുന്നത്. രണ്ടാമതായി, വീട്ടുചുമതലകൾ കാരണം സ്ത്രീകൾ തന്നെ ഇത്തരം പദവികളിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാകുന്നു," എന്ന് സെന്റർ ഫോർ വിമൻസ് ഡെവലപ്‌മെന്‍റ് സ്റ്റഡീസിലെ പ്രഫസറായ നീത എൻ പറയുന്നു. ജോലിസ്ഥലത്തെ ഇത്തരം വാർപ്പ് മാതൃകകളെ ചെറുക്കുന്നതിന്, താഴെത്തട്ടിൽ മാത്രമല്ല, പ്രത്യേകിച്ച് ഉയർന്ന തലങ്ങളിലെ ബ്യൂറോക്രാറ്റിക് കേഡറുകളിൽ സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യം ഉൾപ്പെടെയുള്ള ശക്തമായ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

നയരൂപീകരണ തലത്തിൽ, വീട്ടുജോലികളുടെ ഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം കുട്ടികളുടെ പരിപാലനത്തിനും പരിചരണ ജോലികൾക്കും ശക്തമായ സംവിധാനങ്ങൾ ഉണ്ടാകുന്നത് ഈ വിടവ് കുറയ്ക്കാൻ അത്യന്താപേക്ഷിതമാണെന്ന് നീത പറഞ്ഞു."കോർപ്പറേറ്റ് തലത്തിൽ പോലും സ്ത്രീകൾക്ക് ഇത്തരം പദവികൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കുന്ന ആനുകൂല്യങ്ങളും നയങ്ങളും ഉണ്ടായിരിക്കണം," അവർ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ, പുരുഷന്മാർ സമ്പാദിക്കുന്ന ഓരോ ഡോളറിനും സ്ത്രീകൾ 78 സെന്‍റ് മാത്രമാണ് സമ്പാദിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ സ്ത്രീ മാനേജർമാർ 30.5 ശതമാനമുള്ളപ്പോൾ, ഏഷ്യ-പസഫിക് മേഖലയിൽ ഇത് അഞ്ചിൽ ഒരാൾ എന്ന തോതിലാണ് (ഏകദേശം 20%).

"ഈ വേതന വിടവിൽ ഭൂരിഭാഗവും വിദ്യാഭ്യാസ നിലവാരത്തിലെ വ്യത്യാസങ്ങൾ അല്ലെങ്കിൽ തൊഴിൽ സമയം തുടങ്ങിയ തൊഴിൽ വിപണി ഘടകങ്ങൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല; പകരം തൊഴിൽപരമായ വേർതിരിവ്, സ്ത്രീകളുടെ ജോലിയുടെ മൂല്യം കുറച്ചുകാണൽ, കരിയറിലെ വളർച്ചയെ ബാധിക്കുന്ന പരിചരണ ചുമതലകൾ എന്നിവയുൾപ്പെടെയുള്ള ഘടനാപരമായ തടസങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ, ഉന്നത വിദ്യാഭ്യാസം നേടിയ പുരുഷ ബിരുദധാരികളിൽ 31.4 ശതമാനം പേർ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങൾ പഠിച്ചപ്പോൾ, സ്ത്രീകളിൽ ഇത് 23.1 ശതമാനമായിരുന്നു. 99 രാജ്യങ്ങളിലായി 11,957 സ്ഥാപനങ്ങളിൽ ഐ.എൽ.ഒ (ILO) നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലിംഗസമത്വവും വൈവിധ്യവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ബിസിനസ് ഫലങ്ങൾ മെച്ചപ്പെടുത്തിയതായി 68.5 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 2018ൽ ഇത് 57.4 ശതമാനമായിരുന്നു (11.1 ശതമാനത്തിന്റെ വർധനവ്).

മാനേജ്‌മെന്‍റിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർവേയിൽ പങ്കെടുത്ത 68.5 ശതമാനം സ്ഥാപനങ്ങളിലും മികച്ച ബിസിനസ് ഫലങ്ങൾ നൽകിയതായി റിപ്പോർട്ട് പറയുന്നു. പ്രസവാവധി, അനുബന്ധ പിന്തുണാ നടപടികൾ എന്നിവയാണ് ഏറ്റവും ഫലപ്രദമായ സംരംഭങ്ങളായി 74.7 ശതമാനം സ്ഥാപനങ്ങളും വിലയിരുത്തിയത്. അതിക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെയുള്ള നടപടികളും (74.1%), തുല്യ വേതന നടപടികളും (70.1%) തൊട്ടുപിന്നിലുണ്ട്. എന്നിരുന്നാലും, ലിംഗസമത്വ സംരംഭങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങളുടെ വിഹിതം 2018-ലെ 37.4 ശതമാനത്തിൽ നിന്ന് 2025ൽ 26.5 ശതമാനമായി കുറഞ്ഞു.

മെച്ചപ്പെട്ട ബിസിനസ് ഫലങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാപനങ്ങളിൽ 41.6 ശതമാനത്തിലും ലാഭം വർദ്ധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 87.4 ശതമാനം സ്ഥാപനങ്ങളും കുറഞ്ഞത് 5 ശതമാനമെങ്കിലും നേട്ടം രേഖപ്പെടുത്തിയപ്പോൾ, 13.4 ശതമാനം സ്ഥാപനങ്ങൾ 20 ശതമാനത്തിലധികം നേട്ടം റിപ്പോർട്ട് ചെയ്തു. ഏഷ്യയിലും പസഫിക്കിലും, ഇത്തരം സ്ഥാപനങ്ങളിൽ പകുതിയോളം 10-20 ശതമാനം ലാഭവർദ്ധനവ് റിപ്പോർട്ട് ചെയ്തു; ഇത് അമേരിക്കയിലെയും യൂറോപ്പിലെയും അനുപാതത്തേക്കാൾ കൂടുതലാണ്.

ആഗോളതലത്തിൽ, 2013നും 2025നും ഇടയിൽ സീനിയർ, ടോപ്പ്-മാനേജ്‌മെന്‍റ് തലങ്ങളിൽ സമീകൃത ലിംഗാനുപാതമുള്ള (ഏതെങ്കിലും ഒരു ലിംഗവിഭാഗം 40-60 ശതമാനം വരെയുണ്ടാകുന്നത്) സ്ഥാപനങ്ങളുടെ വിഹിതം വർധിച്ചു. അതേ സമയം, ഇടത്തരം മാനേജ്‌മെന്‍റ് തലത്തിൽ ഇത് 6.4 ശതമാനവും ജൂനിയർ തലത്തിൽ 1.4 ശതമാനവും കുറഞ്ഞു.

ഹ്യൂമൻ റിസോഴ്‌സ് (62.5%), ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ (55.4%) എന്നീ മേഖലകളിൽ സ്ത്രീകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഉയർന്ന നേതൃത്വത്തിലേക്ക് എത്തിപ്പെടാൻ സഹായിക്കുന്ന പ്രോഫിറ്റ് ആൻഡ് ലോസ് (P&L) ചുമതലകളിൽ 19.8 ശതമാനവും റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് പദവികളിൽ 26.3 ശതമാനവും മാത്രമാണ് സ്ത്രീകളുടെ പങ്കാളിത്തമുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india ranks lowest in women in managerial position
Next Story