സ്വർണം, എണ്ണ, വിദേശയാത്ര... മോദിയുടെ ചെലവുചുരുക്കൽ ഉപദേശത്തിന് പിന്നിലെ യഥാർഥ കാരണമെന്ത്?
text_fieldsന്യൂഡൽഹി: വിദേശ യാത്രയുടെ ഒരുക്കത്തിലാണോ? വിവാഹത്തിന് സ്വർണം വാങ്ങാൻ തീരുമാനിച്ചോ? ദിവസവും ഓഫിസിൽ പോയി വരുന്നവരാണോ?... നിങ്ങൾ കരുതുന്നതിലും വേഗത്തിൽ ഇതെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും മാറ്റിമറിച്ചേക്കാം. നിങ്ങളുടെ ദൈനം ദിന ജീവിതം പോലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വളരെ വേഗത്തിൽ സ്വാധീനം ചെലുത്തിയേക്കാമെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവില ബാരലിന് 105 ഡോളറിന് മുകളിലെത്തി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാരോട് ചില ദൈനംദിന ശീലങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. പെട്രോൾ -ഡീസൽ ഉപഭോഗം കുറക്കുക, ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുക, അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കുക, അത്യാവശ്യമില്ലാത്ത സ്വർണ വാങ്ങലുകൾ മാറ്റിവെക്കുക, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കുക, വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുക, വിദേശത്ത് നടക്കുന്ന ഡെസ്റ്റിനേഷൻ വിവാഹങ്ങൾ ഒഴിവാക്കുക എന്നിങ്ങനെ പോകുന്നു പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ. ഒറ്റനോട്ടത്തിൽ ഈ ഉപദേശങ്ങൾ ചെലവുചുരുക്കൽ നടപടികളായി തോന്നിയേക്കാം. എന്നാൽ, കറന്റ് അക്കൗണ്ട് കമ്മിയുടെ കഥയാണ് പ്രധാനമന്ത്രി പറഞ്ഞതെന്നാണ് സാമ്പത്തിക -വിപണി വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിനും പുറത്തേക്ക് പോകുന്ന പണത്തിനും ഇടയിലുള്ള വിടവാണ് കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി). രാജ്യത്തിന്റെ ഇറക്കുമതി കുത്തനെ ഉയരുമ്പോൾ, പ്രത്യേകിച്ച് ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോൾ സി.എ.ഡിയും ഉയരും. യു.എസ് ഇറാൻ സംഘർഷത്തിന്റെ അനിശ്ചിതത്വവും ലോകത്തിലെ ഏറ്റവും പ്രധാന എണ്ണ വിതരണ പാതയായ ഹുർമുസ് കടലിടുക്കിലെ തടസങ്ങളും മൂലം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലെത്തിയതോടെ ഈ ആശങ്ക വർധിച്ചു. വിപണിയിലും ഇതിന്റെ പ്രതിഫലനം ഉടനടിയുണ്ടായി. സെൻസെക്സ് തിങ്കളാഴ്ച രാവിലെ 1000ത്തിലധികം പോയന്റാണ് ഇടിഞ്ഞത്. എണ്ണവിലയിലെ വർധന, പണപ്പെരുപ്പം, ബാഹ്യ സമ്മർദ്ദം എന്നിവയാണ് നിക്ഷേപകരെ നിരാശരാക്കിയത്.
ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടത്തിന് മുമ്പുതന്നെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയും ഉയർന്നിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2026 സാമ്പത്തികവർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി 12.2 ബില്ല്യൺ ഡോളറാണ്. മുൻ പാദത്തിൽ അത് 11.5 ബില്ല്യൺ ഡോളറായിരുന്നു. ക്രൂഡ് ഓയിൽ വില ഉയർന്നുതന്നെ നിന്നാൽ, ഇന്ത്യയുടെ ഇറക്കുമതി ബിൽ ഗണ്യമായി കൂടുന്നതിനും ഇത് രൂപയുടെ മൂല്യത്തിനും പണപ്പെരുപ്പത്തിനും കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോള എണ്ണവിലയിലെ ഓരോ വർധനയും രാജ്യത്തിൽനിന്നുള്ള ഡോളർ ഒഴുക്കിനെയും വർധിപ്പിക്കും. ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോൾ ഇന്ത്യയുടെ പ്രതിമാസ ചെലവുകളും പെട്ടന്ന് കൂടാനിടയാക്കും.
ക്രൂഡ് ഓയിൽ മാത്രമല്ല, സ്വർണത്തിന്റെ ഇറക്കുമതിയും പ്രതിസന്ധിയുടെ കാരണക്കാരിൽ ഒരാളാണ്. വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ ചെലവുകളും അങ്ങനെ തന്നെ. ദീർഘകാലത്തേക്ക് എണ്ണവില ഉയർന്നുതന്നെ നിൽക്കാനുള്ള സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്കല്ലാതെ ഡോളർ പുറത്തേക്ക് ഒഴുകുന്നത് തടയുക എന്നതാണ് മോദിയുടെ ഉപദേശത്തിന്റെ ലക്ഷ്യം. ലളിതമായി പറഞ്ഞാൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുമ്പോൾ എല്ലാ ഇറക്കുമതികളും പ്രധാനമായിരിക്കും.
എണ്ണ വലിയ പ്രശ്നക്കാരനായി തുടരുന്ന സാഹചര്യത്തിൽ സ്വർണത്തോടുള്ള സ്നേഹവും വലിയൊരു പ്രശ്നമായി മാറും. കാരണം സ്വർണത്തിന്റെ ഭൂരിഭാഗവും ഡോളർ ഉപയോഗിച്ചാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടാണ് വിവാഹവുമായി ബന്ധപ്പെട്ട സ്വർണ വാങ്ങലുകൾ ഉൾപ്പെടെ, കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും അത്യാവശ്യമല്ലാത്ത സ്വർണ വാങ്ങലുകൾ ഒഴിവാക്കാൻ മോദി ആവശ്യപ്പെട്ടത്. ഉയർന്ന സ്വർണ്ണ ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മിയിലും രൂപയിലും അധിക സമ്മർദ്ദം ചെലുത്തും. 2026 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ സ്വർണ ഇറക്കുമതി 29ശതമാനം ഉയർന്ന് 69 ബില്യൺ ഡോളറായതും കേന്ദ്രസർക്കാറിനെ ആശങ്കയിലാഴ്ത്തി.
സർക്കാരുകൾ സ്വർണത്തിന്റെ ആവശ്യകത നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. 2015ൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ, 2011-12 ലും 2012-13 ലും ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മി ഉയർന്നതിന് കാരണം സ്വർണ ഇറക്കുമതി കുതിച്ചുയർന്നതാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സാധാരണ സാഹചര്യങ്ങളിൽ ഇതൊന്നും ആശങ്കക്ക് കാരണമല്ലെങ്കിലും 100 ഡോളറിനു മുകളിൽ അസംസ്കൃത എണ്ണ വില തുടരുന്നത് സമവാക്യത്തെ വേഗത്തിൽ മാറ്റിമറിക്കും. തിങ്കളാഴ്ച ജുവല്ലറി മേഖലയുമായി ബന്ധപ്പെട്ട ഓഹരികൾ സമ്മർദ്ദത്തിലായിയിരുന്നു. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരിൽ ടൈറ്റാനും ഉൾപ്പെടും.
മോദിയുടെ പരാമർശങ്ങളുടെ മറ്റൊരു പ്രധാന ഭാഗം ഇന്ധന സംരക്ഷണമായിരുന്നു. ഇന്ധന ഉപഭോഗം കുറക്കുന്നതിന് സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കാനും ഇ.വി ഉപയോഗിക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതികൾ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. അസംസ്കൃത എണ്ണ വിലക്കയറ്റം സമ്പദ്വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതാണ് പ്രധാന കാരണം. എണ്ണവില ഉയരുമ്പോൾ സ്വാഭാവികമായിതന്നെ ഇന്ത്യയുടെ ഇറക്കുമതി ബില്ല് വർധിക്കും, പണപ്പെരുപ്പ സമ്മർദ്ദം കൂടും, ഗതാഗത, ലോജിസ്റ്റിക്സ് ചെലവുകൾ വർധിക്കും, രൂപ സമ്മർദ്ദം നേരിടും, കോർപ്പറേറ്റ് ലാഭം കുറയും. അതുകൊണ്ടുതന്നെ വീട്ടുചെലവുകൾ മുതൽ രാജ്യത്തിന്റെ ഇറക്കുമതി ബില്ലിനെ വരെ ഇത് ബാധിക്കും.
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ തുടർന്നാൽ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരതക്കും വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടാണ് ഓഹരി വിപണിയിലെ വിൽപ്പന സമ്മർദ്ദം വ്യോമയാനം, ഓട്ടോമൊബൈൽ, ഉപഭോഗവുമായി ബന്ധപ്പെട്ട ഓഹരികളെയും ബാധിച്ചത്.
അത്യാവശ്യമല്ലാത്ത ഡോളർ ഒഴുക്ക് കുറക്കാൻ ഒരു വർഷത്തേക്ക് അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ഇന്ത്യക്കാരോട് അഭ്യർഥിച്ചിരുന്നു. തായ്ലൻഡ് യാത്ര, യൂറോപ്പ് അവധിക്കാലം അല്ലെങ്കിൽ വിദേശത്ത് വിവാഹിതരാകൽ എന്നിവയെല്ലാം വ്യക്തിപരമായ ചെലവുകളായി തോന്നിയേക്കാം. എന്നാൽ, ഇവയെല്ലാം ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്കിനെയും കൂട്ടാം. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ വഷളായാൽ ഉയർന്ന ക്രൂഡ് ഓയിൽ വില തുടരും. അതുകൊണ്ടുതന്നെ അതിനുള്ള ഒരു മുന്നൊരുക്കമാണ് സർക്കാറിന്റെ ഈ നിർദേശങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

