Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയോരത്തിന് ആശ്വാസമായി റബർ വിപണി: കിലോ 300 കടന്നു

text_fields
bookmark_border
കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ ചി​ന്തി​ച്ചു​തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ലാ​ണ് റ​ബ​ർ മേ​ഖ​ല​യു​ടെ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ചു​വ​ര​വ്
മലയോരത്തിന് ആശ്വാസമായി റബർ വിപണി: കിലോ 300 കടന്നു
cancel

നാദാപുരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികൾക്കും വിരാമമിട്ട് റബർ വിപണിയിൽ ചരിത്ര വിലക്കയറ്റം. കിലോക്ക് 300 രൂപയോടടുത്ത് എത്തിയ വിപണി വില മലയോര കർഷകർക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നിലവിൽ പൊതുവിപണിയിൽ കർഷകർക്ക് കിലോക്ക് 296 രൂപ വരെ നേരിട്ട് ലഭിക്കുന്നുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്തംഭിച്ചു നിന്ന വിലങ്ങാട്ടെ കർഷകരെല്ലാം ഏറെ സന്തോഷത്തോടെയാണ് ഈ നേട്ടത്തെ കാണുന്നത്.ഉൽപാദനച്ചെലവ് പോലും ലഭിക്കാതെ കൃഷി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കർഷകർ ചിന്തിച്ചുതുടങ്ങിയ ഘട്ടത്തിലാണ് റബർ മേഖലയുടെ അപ്രതീക്ഷിത തിരിച്ചുവരവ്.

എന്നാൽ, നേരത്തെ മികച്ച വില ലഭിച്ചിരുന്ന നാളികേരത്തിനും അടക്കക്കും വിപണിയിൽ നേരിയ ഇടിവുണ്ടായത് കർഷകർക്ക് ഭാഗിക തിരിച്ചടിയായിട്ടുണ്ട്. ഇതിനൊപ്പം വില ഉയർന്ന സാഹചര്യത്തിലും റബർ തോട്ടങ്ങളിൽ കടുത്ത ടാപ്പിങ് തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നത് മറ്റൊരു വെല്ലുവിളിയാണ്. തൊഴിലാളികളുടെ അഭാവം കാരണം പല തോട്ടങ്ങളിലും മുഴുവൻ മരങ്ങളിൽ നിന്നും പാൽ ശേഖരിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.പ്രധാന റബർ ഉൽപാദക രാജ്യങ്ങളായ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറയാൻ പ്രധാന കാരണം. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടർന്നുണ്ടായ വരൾച്ചയും ഈ രാജ്യങ്ങളിലെ ടാപ്പിങ്ങിനെ സാരമായി ബാധിച്ചു.

അതോടൊപ്പം, ആഗോളതലത്തിൽ ടയർ നിർമാണ മേഖലയിലുണ്ടായ പുരോഗതി പ്രകൃതിദത്ത റബറിന്റെ ആവശ്യകത വലിയ തോതിൽ ഉയർത്തി. ചൈന, അമേരിക്ക, യൂറോപ്യൻ വിപണികളിൽ നിന്നുള്ള വ്യാവസായിക ഡിമാൻഡ് ഉയർന്നതും വിപണിക്ക് കരുത്തേകി. പശ്ചിമേഷ്യയിലെ സംഘർഷാന്തരീക്ഷവും ക്രൂഡ് ഓയിൽ വിപണിയിലെ അനിശ്ചിതത്വങ്ങളും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതോടെ പെട്രോളിയം ഉപോൽപന്നങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന സിന്തറ്റിക് റബറിന്റെ നിർമാണച്ചെലവ് കുത്തനെ ഉയർന്നു. ഇതോടെ വലിയ കമ്പനികൾ വ്യാപകമായി പ്രകൃതിദത്ത റബറിലേക്ക് മാറിയത് വിപണിയിലെ ആവശ്യകതയും വിലയും കുതിച്ചുയരാൻ വഴിയൊരുക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rubber Price Nears 300 Per Kg
Next Story