വിദേശ ജോലി വാഗ്ദാനം ചെയ്ത് 13.80 ലക്ഷം തട്ടിയതായി പരാതി; ഒരാൾ അറസ്റ്റിൽ
text_fieldsമൈക്കിൾ ഡേവിഡ് കെൽസൺ
കളമശ്ശേരി: ഹംഗറിയിൽ ജോലി വാഗ്ദാനം നൽകി 13.80 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങമ്പുഴ നഗർ ആറപ്പറമ്പിൽ മൈക്കിൾ ഡേവിഡ് കെൽസൺ(33)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി ടോളിന് സമീപം പ്രവർത്തിക്കുന്ന യുണീ ബെയ്സ് എജുക്കേഷൻ എന്ന സ്ഥാപനം വഴി പരാതിക്കാരനേയും സുഹൃത്തുക്കളെയും യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ വെയർഹൗസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച്, വിസയുടെ ആവിശ്യത്തിലേക്കായി 2023 ഒക്ടോബർ മുതൽ 2024 ഒക്ടോബർ വരെ പല തവണകളിലായി 13,80,000 രൂപ പ്രതി മൈക്കിൾ ഡേവിഡിന്റെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈപ്പറ്റിയതായാണ് ആരോപണം.
ശേഷം വാഗ്ദാനം ചെയ്ത ജോലിയോ, കൈപ്പറ്റിയ പണമോ നാളിതുവരെ തിരികെ നൽകിയില്ലായെന്നാണ് പരാതിയിൽ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഷഫീക്കിനെ കണ്ടെത്തി പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

