കട്ടറുമായി എത്തി എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ച യുവാവ് ആറാം ദിവസം പിടിയിൽ
text_fieldsപ്രതി ജിതിൻ
തൃശൂർ: പുതുക്കാട് തൊറവ് എസ്.ബി.ഐ ശാഖയിലെ എ.ടി.എം, സി.ഡി.എം മെഷീനുകൾ കട്ടർ ഉപയോഗിച്ച് മുറിച്ച് പണം കവരാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ആഴ്ചങ്ങാടൻ വീട്ടിൽ ജിതിൻ (30) ആണ് പുതുക്കാട് പൊലീസിന്റെ പിടിയിലായത്.
ഒക്ടോബർ 29ന് വൈകീട്ട് 6.45നും 30 ന് രാവിലെ 9നും ഇടയിലാണ് സംഭവം നടന്നത്. ബാങ്ക് ബ്രാഞ്ച് മാനേജർ വിഷ്ണു മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം വിവിധ ടീമുകളായി തിരിഞ്ഞ് നിരവധി സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത ഒരു അടിപിടി കേസിലും ജിതിൻ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈ.എസ്.പി കുരിയാക്കോസ് ജെ., റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സേതു കെ.സി., പുതുക്കാട് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
പുതുക്കാട് ദേശീയപാതയോരത്തുള്ള എ.ടി.എം കൗണ്ടറിലാണ് കവർച്ചാ ശ്രമം ഉണ്ടായത്. പ്രതി എ.ടി.എം, സി.ഡി.എം മെഷീനുകളിലെ അഞ്ച് ഫ്രണ്ട് കാമറകളിൽ സ്പ്രേ ചെയ്ത് അവ്യക്തമാക്കിയിരുന്നു.
ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യങ്ങൾ എ.ടി.എം സെന്ററിലെ മറ്റു കാമറയിൽ പതിഞ്ഞതറിഞ്ഞ ഉടനെ ആ കാമറകളിലും സ്പ്രേ അടിച്ച ശേഷമാണ് കട്ടർ എടുത്ത് കവർച്ച ശ്രമം നടത്തിയത്. എന്നാൽ, ഒരു കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു.
കവർച്ചാ ശ്രമം വിഫലമായതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. സംഭവശേഷവും ആളുകൾ എ.ടി.എം സെന്ററിൽ പണമിടപാട് നടത്തിയെങ്കിലും സംഭവം ആരും അറിഞ്ഞിരുന്നില്ല. രാവിലെയെത്തിയ ബാങ്കിന്റെ ക്ലീനിങ് സ്റ്റാഫാണ് സംഭവം കണ്ടത്.

