രായിരനെല്ലൂരിൽ ഭക്തരുടെ തുലാവർഷപ്പെയ്ത്ത്; ദർശന പുണ്യം തേടി പതിനായിരങ്ങൾ
text_fieldsരായിരനെല്ലൂർ മല കയറിയ ഭക്തർ നാറാണത്ത് ഭ്രാന്തന്റെ ശിൽപം വലംവെക്കുന്നു
പട്ടാമ്പി: തുലാവർഷമായി ഭക്തർ പെയ്തിറങ്ങി, രായിരനെല്ലൂർ മലയിൽ നാറാണത്ത് സ്മൃതികൾക്ക് പുനർജനി. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തന്റെ ബാല്യം ഏറ്റുവാങ്ങിയ പണ്ഡിതരുടെ നാടായ തിരുവേഗപ്പുറക്ക് മഹോത്സവമായി രായിരനെല്ലൂർ മലകയറ്റം. വേദപഠനകാലത്ത് വലിയ കല്ലുകൾ മലയിലേക്കുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് പൊട്ടിച്ചിരിച്ചിരുന്ന നാറാണത്ത് ഭ്രാന്തന് മുന്നിൽ ദുർഗാദേവി പ്രത്യക്ഷപ്പെട്ടതിന്റെ ഓർമയിലാണ് എല്ലാ വർഷവും തുലാം ഒന്നിന് മലകയറ്റം നടക്കുന്നത്.
അഞ്ഞൂറടി ചെങ്കുത്തായ മലയിലേക്കുള്ള ജനപ്രവാഹത്തോടെയാണ് ഞായറാഴ്ച രായിരനെല്ലൂർ ഉണർന്നത്. കൊപ്പം-വളാഞ്ചേരി പാതയിലുള്ള നടുവട്ടത്തുനിന്നും ഒന്നാന്തിപ്പടിയിൽനിന്നും ഇടതടവില്ലാതെ മലയിലേക്ക് ഭക്തർ ഒഴുകി. ഞായറാഴ്ച അവധിയായതിനാൽ അനിയന്ത്രിതമായ തിരക്ക് മൂലം മുന്നോട്ട് നീങ്ങാനാവാതെ മണിക്കൂറുകളാണ് പ്രയാണം സ്തംഭിച്ചത്.
ഭക്തരുമായെത്തിയ ചെറു വാഹനങ്ങളുടെയും ബസുകളുടെയും നിര വിയറ്റ്നാംപടി മുതൽ നരിപ്പറമ്പ് സ്കൂൾ വരെ കിലോമീറ്ററുകൾ നീണ്ടു. മുൻകാലത്തില്ലാത്തവിധം റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തത് കൊപ്പം-വളാഞ്ചേരി റൂട്ടിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുത്തി. മല കയറിയ ഭക്തർ മണിക്കൂറുകൾ വരി നിന്നാണ് മുകളിലെ ദുർഗക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല.
ഭ്രാന്തനെ കണ്ട് പരിഭ്രമിച്ച ദുർഗാദേവി ഊഞ്ഞാലിൽ നിന്നിറങ്ങി നടന്നപ്പോൾ പാറയിൽ രൂപപ്പെട്ട ഏഴ് കുഴികളിലൊന്നിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. ക്ഷേത്ര ദർശനം കഴിഞ്ഞ് വഴിപാടുകൾ കഴിച്ച് നാറാണത്ത് ഭ്രാന്തന്റെ പതിനെട്ടടി ഉയരമുള്ള കൂറ്റൻ പ്രതിമ വലം വെക്കാനും വലിയ തിരക്കനുഭവപ്പെട്ടു. മലകയറിയെത്തിയവർക്ക് പ്രസാദ ഊട്ട് ഏർപ്പെടുത്തിയിരുന്നു.
മലക്ക് താഴെയുള്ള ദുർഗാദേവി ക്ഷേത്രത്തിലും ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും പ്രത്യേക പൂജകളും പ്രതിഷ്ഠ ദിനാഘോഷവും ഉണ്ടായി. മലകയറ്റത്തിന് മുന്നോടിയായി 15ന് ആരംഭിച്ച ലക്ഷാർച്ചന ഞായറാഴ്ച രാവിലെ സമാപിച്ചു. ആമയൂർ മന മധു ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ദ്വാദശാക്ഷരീ ട്രസ്റ്റാണ് ചടങ്ങുകൾ നടത്തിയത്. ഷൊർണൂർ സബ്ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ക്രമസമാധാന പാലനത്തിനുണ്ടായിരുന്നു.

