Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പടത്തിലെ സ്റ്റണ്ട് സീൻ മാതിരി'; 40 വർഷം മുമ്പ് മമ്മൂട്ടിയെ ഹീറോയാക്കിയ ഊട്ടിയിലെ അപകടത്തെ കുറിച്ച് വി.കെ ശ്രീരാമൻ

text_fields
bookmark_border
Vk sreeraman
cancel
camera_alt

മമ്മൂട്ടി, വി.കെ ശ്രീരാമൻ

മമ്മൂട്ടി എന്ന നടനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമയിൽ വരുക അദ്ദേഹത്തിന്റെ അഭിനയമികവും സ്റ്റൈലുമൊക്കെയാണ്. പക്ഷേ, കാമറക്ക് പുറത്തുള്ള മമ്മൂട്ടിയെ കണ്ടവർക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. മനുഷ്യത്വവും, പെട്ടെന്നുള്ള തീരുമാനങ്ങളും, സ്നേഹവും നിറഞ്ഞ കഥ.

ഏതാണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ഊട്ടിയിൽ വെച്ച് മമ്മൂട്ടിയുടെ കാറിടിച്ച് ഒരു പത്തു വയസ്സുകാരൻ കാനയിലേക്ക് തെറിച്ചു വീണു. പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ, യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ എന്നാണ് അവിടെയുണ്ടായിരുന്നവർ അന്ന് പറഞ്ഞത്. ആ സംഭവത്തിലെ ഹീറോയായ മമ്മൂട്ടിയെ കുറിച്ചുള്ള വി.കെ ശ്രീരാമൻറെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം

ഏതാണ്ടൊരു നാല്പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്.

പവിത്രൻ്റെ ഉത്തരം സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തൻ്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെൻ്റ് സ്‌കൂളിൻ്റെ മുന്നിൽ വെച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു.

പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു. മമ്മൂട്ടി ചാടിയിറങ്ങുന്നു.

പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്.

പക്ഷെ, കണ്ടത് മറ്റൊന്നാണ്. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു.

ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു. കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിൻ്റെ സാരം ഇതാണ്. മൂപ്പരാണ് സ്‌കൂളിൻ്റെ സെക്യുരിറ്റി ചീഫ്.

'കാറിൻ്റെ ഇടി കൊണ്ടത് പയ്യൻ്റെ വലതുകാലിൻ്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിൻ്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വെച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.

"പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ, യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ"

മീശക്കാരൻ കൈ നീട്ടി. ഹീറോ ഹസ്തം ദാനം ചെയ്തു. "നീ പേടിച്ചു പോയോ?" തിരിച്ചു വണ്ടിയിൽ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു.

"നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എൻ്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻ്റ് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല"

"ശരിയാ ഈ കോസ്റ്റ്യു മിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്."കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VK Sreeraman Recalls Mammootty Heroism
Next Story