രണ്ടാം ഭാഗത്തിന് മുമ്പേ ആദ്യഭാഗം; 'ധുരന്ധർ' വീണ്ടും സ്ക്രീനുകളിൽ, മിക്ക ഷോകളും സോൾഡ് ഔട്ട് !
text_fieldsആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 'ധുരന്ധർ ദ റിവഞ്ച്' മാർച്ച് 19ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കായി ആദ്യഭാഗമായ 'ധുരന്ധർ' വീണ്ടും തിയറ്ററുകളിൽ എത്തുന്നു. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് ഈ റീ-റിലീസ് സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമായി ഏകദേശം 500 സ്ക്രീനുകളിൽ ചിത്രം വീണ്ടും പ്രദർശിപ്പിക്കും. ഇന്ത്യയിൽ മാർച്ച് 12 മുതൽ 250 സ്ക്രീനുകളിലും വിദേശത്ത് മാർച്ച് 13 മുതൽ 250 സ്ക്രീനുകളിലും ധുരന്ധർ പ്രദർശിപ്പിക്കും. ഹോളിവുഡ് ചിത്രങ്ങൾക്ക് മാത്രം ലഭിക്കാറുള്ള വലിയൊരു അവസരമാണിത്. രണ്ട് ഭാഗങ്ങളും തൊട്ടടുത്ത ദിവസങ്ങളിലായി വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വടക്കേ അമേരിക്കയിൽ മാത്രം 185 സ്ക്രീനുകളിലാണ് ചിത്രം വീണ്ടും എത്തുന്നത്.
'ധുരന്ധർ ദ റിവഞ്ച്'ന്റെ ഗ്ലോബൽ റിലീസിന് ഒരു ദിവസം മുമ്പായി മാർച്ച് 18ന് അമേരിക്കയിലും കാനഡയിലും പ്രത്യേക വെനസ്ഡേ പ്രീമിയർ ഷോകൾ നടക്കും. ഡോൾബി അറ്റ്‌മോസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുള്ള പ്രീമിയം ലാർജ് ഫോർമാറ്റ് സ്ക്രീനുകളിലാണ് ഈ ഷോകൾ ക്രമീകരിച്ചിരിക്കുന്നത്. മിക്ക ഷോകളും ഇതിനോടകം തന്നെ സോൾഡ് ഔട്ട് ആയിക്കഴിഞ്ഞു. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്.
ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ-ആക്ഷൻ ത്രില്ലർ നിർമിക്കുന്നത് ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസുമാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറുമാണ് നിർമാതാക്കൾ. മാർച്ച് 19ന് ഗുഡി പഡ്‌വ, ഉഗാദി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

