സൂര്യ- തൃഷ ചിത്രം; കറുപ്പിന്റെ റിലീസ് റദ്ദാക്കിയോ ?
text_fieldsത്രിഷ,സൂര്യ
സൂര്യയും തൃഷയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കറുപ്പ്, റിലീസ് ദിനത്തിൽ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ഷോകൾ റദ്ദാക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 9 മണിയുടെ ഷോകൾ "ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ" റദ്ദാക്കിയ വിവരം നിർമാതാവ് എസ്.ആർ. പ്രഭു റിലീസിന് തൊട്ടടുത്ത മണിക്കൂറുകളിലാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ തുടക്കം മുതൽ നേരിട്ട പ്രതിസന്ധികൾ റിലീസ് ദിനത്തിലും തുടരുന്നത് സിനിമാസ്വാദകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആരാധകർക്കുണ്ടായ ഈ അസൗകര്യത്തിൽ നിർമാതാവ് ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും ചെയ്തു.
തമിഴ്നാട്ടിലെ രാഷ്ട്രീയ-സിനിമ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ ഈ നീക്കം അപ്രതീക്ഷിതമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, സിനിമക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് രാവിലെ 9 മണിക്ക് ഷോ റിലീസ് ചെയ്യാൻ അനുമതി നൽകിയിരുന്നു. റിലീസിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ അഞ്ച് ഷോകൾ വീതം നടത്താമെന്ന ആശ്വാസകരമായ തീരുമാനത്തിലായിരുന്നു അണിയറപ്രവർത്തകർ. സാധാരണഗതിയിൽ വലിയ താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ഉണ്ടാകാറുള്ള ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ പുലർച്ചെയുള്ള ഷോകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ ആ പതിവ് തെറ്റിച്ചാണ് മുഖ്യമന്ത്രി വിജയ് കറുപ്പിന് അനുമതി നൽകിയത്.
റിപ്പോർട്ടുകൾ പ്രകാരം, കറുപ്പിന്‍റെ പ്രീ-ബുക്കിങിൽ ആദ്യ ദിവസം തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. 32 മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നതെന്നും, നേരിട്ടുകൊണ്ടിരിക്കുന്ന സാങ്കേതികമോ അല്ലാത്തതോ ആയ തടസ്സങ്ങൾ പരിഹരിക്കാൻ നിർമാതാക്കൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചത്. എങ്കിലും റിലീസ് ദിനത്തിലെ ഈ അനിശ്ചിതത്വം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരാധകരും നിലവിൽ ആശങ്കയിലാണ്. തമിഴ്നാട്ടിലെ ഷോകൾ മാത്രമാണോ അതോ കേരളത്തിലെ ഷോകളും റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാത്തത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. റിലീസ് തീയതി മാറ്റിവെച്ച് കൃത്യമായ പ്ലാനിങോടെ വരണമെന്നും ആരാധകരുടെ വികാരം മാനിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന പ്രധാന ആവശ്യം. സൂര്യ-തൃഷ കോമ്പോക്കൊപ്പം ഇന്ദ്രൻസ്, സ്വാസിക തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് സായി അഭ്യങ്കറാണ് സംഗീതം നൽകിയിരിക്കുന്നത്. വരും മണിക്കൂറുകളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് സിനിമ സുഗമമായി പ്രദർശനം തുടരുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

