നാടിറങ്ങിയ കാട്ടുവാലുകുലുക്കി എടാട്ടുമ്മലിൽ
text_fieldsഎടാട്ടുമ്മലിൽ കാണപ്പെട്ട കാട്ടുവാലുകുലുക്കി പക്ഷി
തൃക്കരിപ്പൂർ: വനമേഖലകളിൽ കാണപ്പെടുന്ന കാട്ടുവാലുകുലുക്കിപ്പക്ഷിയെ തൃക്കരിപ്പൂരിനടുത്ത് എടാട്ടുമ്മലിൽ നിരീക്ഷിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ വി.വി. രവീന്ദ്രനാണ് തുടർച്ചയായി പുരയിടത്തിലെത്തിയ വാലാട്ടിക്കിളിയെ നിരീക്ഷിച്ചത്.
പൊതുവേ കാണപ്പെടുന്ന വാലാട്ടികളിൽനിന്ന് ഭിന്നമായി വശങ്ങളിലേക്ക് വാൽ വീശുന്ന സവിശേഷത മനസ്സിലാക്കിയാണ് പക്ഷി നിരീക്ഷകനായ പി. സുരേഷിന്റെ സഹായത്തോടെ ഇതിനെ ഫോറസ്റ്റ് വാഗ് ടെയിൽ ആണെന്ന് തിരിച്ചറിഞ്ഞത്. ഡെൻഡ്രോനാന്തസ് ഇൻഡിക്കസ് എന്നാണ് ശാസ്ത്രീയനാമം.ദേശാടനക്കാരായ ഈ വാലുകുലുക്കികൾ കാട്ടിൽ വസിക്കുന്നവരാണ്. ചിറകിലെ കറുപ്പും വെളുപ്പും ഇടകലർന്ന സീബ്രാവരകൾ ആണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഈ പക്ഷിയുടെ വാലിന്റെ ചലനം ഇടത്തുനിന്ന് വലത്തോട്ടാണ്. ഇതു പ്രധാനമായും വനപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. മരത്തിൽ കയറി പ്രാണികളെ പിടിക്കുന്നതിലും ഇവ മിടുക്കരാണ്.
സെപ്റ്റംബർ മാസത്തോടെ ഇവ കേരളത്തിലേക്ക് ദേശാടനത്തിനെത്തുന്നു. മരങ്ങളിൽ കൂടുകൂട്ടുന്ന ഒരേയൊരു വാലുകുലുക്കി ഇനമാണിത്. ഏപ്രിൽ മാസത്തോടെ ഇവ കൂടുകൂട്ടാൻ ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ പോകുന്നു. കിഴക്കൻ ഏഷ്യ, കൊറിയയുടെ ഭാഗങ്ങൾ, ചൈനയുടെ ഭാഗങ്ങൾ, സൈബീരിയയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് അന്തമാൻ ദ്വീപുകൾ വഴി തെക്കെ ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ എത്തുന്നു. കുണിയൻ ചതുപ്പിനോട് ചേർന്ന പ്രദേശമായതിനാൽ അവിടെനിന്ന് വന്നതാണെന്ന് കരുതുന്നു. പിടയാണ്, കോപ്പയുടെ ആകൃതിയിലുള്ള കൂട് നിർമിക്കുന്നത്. പൂവൻ കാവൽക്കാരനാണ്. നാല് മുട്ടകളിടുന്നത് രണ്ടാഴ്ചകൊണ്ടാണ് വിരിയുക.

