തുടരാക്രമണം..! മുഹറഖിൽ ഇന്ധന സംഭരണ ടാങ്കിന് നേരെയും ആക്രമണം
text_fieldsമനാമ: ബഹ്റൈനെതിരെ 13ാം നാളിലും ആക്രമണ പരമ്പര തുടർന്ന് ഇറാൻ. ബുധനാഴ്ച പകലും രാത്രിയും കാര്യമായ ആക്രമണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ ഇറാൻ വീണ്ടും ആക്രമിക്കുകയായിരുന്നു. പുലർച്ചെ 2.30 ബഹ്റൈൻ വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണ ടാങ്ക് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വലിയ സ്ഫോടന ശബ്ദത്തോടെ നിലംപതിച്ച മിസൈൽ ടാങ്കുകളിലൊന്നിന് കേടുപാടുകൾ വരുത്തി. കൂടാതെ എണ്ണച്ചോർച്ചയുണ്ടായതും തീ അതിവേഗം പടർന്നതും വൻ ദുരന്തത്തിനുള്ള സാധ്യത വർധിപ്പിച്ചിരുന്നു. എന്നാൽ, വിവരമറിഞ്ഞ ഉടൻതന്നെ സിവിൽ ഡിഫൻസ് വാഹനങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീപ്പിടത്തം വിജയകരമായി നിയന്ത്രണവിധേയമാക്കി. ആറു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് തീ അണച്ചത്.
ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പൂർണമായും അണച്ചതിന് ശേഷവും, വീണ്ടും തീപിടിക്കാനുള്ള സാധ്യത ഒഴിവാക്കാൻ കൂളിങ് ഓപ്പറേഷനും ഏറെ നേരം തുടർന്നിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥലത്തുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്കും മാറ്റി. സർക്കാർ-സ്വകാര്യ മേഖലകളിലെ തന്ത്രപ്രധാന പങ്കാളികളുടെ സഹകരണത്തോടെയായിരുന്നു അഗ്നിശമന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായെന്നും ജീവനക്കാരും പ്രദേശവാസികളും സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പുറത്തുവരുന്ന പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ ഹിദ്ദ് , അറാദ്, ഖലാലി, സമാഹീജ് എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻകരുതൽ നടപടികളും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പുകയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഈ പ്രദേശങ്ങളിലുള്ളവർ അനാവശ്യമായി പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും. പുക വീടിന് അകത്തേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും വെന്റിലേഷനകളും പൂർണ്ണമായും അടച്ചിടേണ്ടതാണെന്നും നിർദേശമുണ്ടായിരുന്നു. അപകടസ്ഥലത്തിന് സമീപം താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഭയപ്പെടാനൊന്നുമില്ലെന്നും തങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾ തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അധികൃതർ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ഉദ്യോഗസ്ഥരോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്ത പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു. ആക്രമണം ആരംഭിച്ച് ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ186 ഡ്രോണുകളും 112 മിസൈലുകളും പ്രതിരോധ സേന നിർവീര്യമാക്കിയിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തിൽ മുഹറഖിൽ ഇന്ധന സംഭരണ ടാങ്കിന് തീപ്പിടിച്ചപ്പോൾ സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

