സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം; ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
text_fieldsസ്കൂൾ ടോപ്പേഴ്സ്
മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനമാണ് സ്കൂൾ കൈവരിച്ചത്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനവും വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും നേടാൻ കഴിഞ്ഞു. മികച്ച വിജയം നേടിയവരിൽ, ജിസെൽ ഷാരോൺ ഫെർണാണ്ടസ് 500 ൽ 486 മാർക്കുമായി 97.2 ശതമാനം നേടി സ്കൂൾ ടോപ്പറായി. പ്രണവി മണപുറവും അന്ന ബിനുവും 96.8 ശതമാനം വീതം (484/500) നേടി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 500 ൽ 484 മാർക്ക് നേടി സിമോൻ മാത്യു ജോളി 96.4 ശതമാനത്തോടെ മൂന്നാം സ്ഥാനം നേടി.
സയൻസ് വിഭാഗത്തിൽ അന്ന ബിനു 96.8 ശതമാനത്തോടെ ഒന്നാമതെത്തി. സിമോൻ മാത്യു ജോളി 96.4 ശതമാനം നേടി രണ്ടാം സ്ഥാനവും ആൽവിൻ ജോർജ് സേവ്യർ 95.6 ശതമാനവും നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ ജിസെൽ ഷാരോൺ ഫെർണാണ്ടസ് 97.2 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. അദിതി സതീഷ് അയ്യർ 95.6 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, റെഹാൻ സേത്മിക കലുബോവിലയും ബാലാമണി അയിലൂർ യോഗേഷും 95.2 ശതമാനം നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ, പ്രണവി മണപുറം 96.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം നേടി. അംഗന ശ്രീജിത്ത് 95 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ 92.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

