സുരക്ഷ സാഹചര്യം വിലയിരുത്താൻ റിയാദിൽ അടിയന്തര യോഗം ചേർന്ന് ആഭ്യന്തര മന്ത്രിമാർ
text_fieldsറിയാദിൽ ചേർന്ന അടിയന്തര യോഗത്തിൽ പങ്കെടുത്ത ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ
മനാമ: ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ സാഹചര്യം വിലയിരുത്താൻ ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുള്ള ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം റിയാദിൽ നടന്നു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും പങ്കെടുത്ത യോഗത്തിൽ മേഖലയിലെ നിലവിലെ സുരക്ഷാ സംഭവവികാസങ്ങൾ വിശദമായി അവലോകനം ചെയ്തു.
ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ നേരിടുന്നതിന് സംയുക്ത സുരക്ഷാ ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്ന് സെക്രട്ടറി ജനറൽ യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) ബന്ധമുള്ള നിരവധി സെല്ലുകളെ പിടികൂടിയ സാഹചര്യത്തിൽ, ആഭ്യന്തര മന്ത്രാലയങ്ങളും മറ്റ് സുരക്ഷാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാർ അടിവരയിട്ടു.
ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന എല്ലാ ഭീഷണികളെയും നേരിടുമെന്നും എല്ലാത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാർ ആവർത്തിച്ചു. ഗൾഫ് സുരക്ഷാ ഏജൻസികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും യോഗം അഭിനന്ദിച്ചു. കൂടാതെ, ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മന്ത്രിമാർ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

