മധുരമുള്ള ഓർമകൾ സമ്മാനിച്ച എന്റെ നോമ്പുകാലം
text_fieldsകുട്ടിക്കാലത്തെ നോമ്പിനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്നത് ഞങ്ങൾ കുട്ടികൾ എല്ലാംകൂടി ഒത്തുകൂടുന്നതും കളിക്കുന്നതും ഒക്കെയാണ്. അന്ന് റമദാൻ മാസത്തിന്റെ മഹത്വത്തെ കുറിച്ചൊന്നും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. പല തരത്തിലുള്ള കളികളാണ് (ചെക്ക് കളി, വളപ്പൊട്ടു കൊണ്ടുള്ള കളി ).
എല്ലാവരും കൂടിച്ചേർന്നുള്ള കഥ പറച്ചിലും കളികളും അട്ടഹാസവും എല്ലാം ഇന്നും മനസ്സിന് ഒരു പ്രത്യേക തരത്തിലുള്ള കുളിർമ നൽകുന്നു. ചെറിയ കുട്ടി ആയിരുന്നാൽ മതിയാരുന്നെവെന്ന് ഇപ്പോഴും തോന്നാറുണ്ട്.
അത്താഴത്തിനു എണീക്കുന്ന കാര്യത്തിൽ കുറച്ചല്ല നല്ല മടിയുള്ള കൂട്ടത്തിലാരുന്നു ഞാൻ. നേരത്തെ തന്നെ ഞാൻ എന്റെ ഉമ്മയോട് പറയുമാരുന്നു എനിക്ക് ഇന്ന് അത്താഴത്തിനു ചോറ്, ചമ്മന്തി, അച്ചാർ, മുട്ട പൊരിച്ചത് ഇത്രയും വേണം, അല്ലെങ്കിൽ ഞാൻ അത്താഴത്തിനു എണീക്കില്ലെന്നു. വീട്ടിലെ ചെറിയ കുട്ടി ആയിരുന്നത് കൊണ്ട് ആവശ്യത്തിൽ ഏറെ ലാളന ഉണ്ടായിരുന്നു. കളി മാത്രം അല്ലായിരുന്നു, വീട്ടുജോലികളിലും ഉമ്മയെ സഹായിക്കുമായിരുന്നു.
ഞാനും എന്റെ ഇത്തയും പണികളൊക്കെ ഞങ്ങൾ ഷെയർ ചെയ്തായിരുന്നു ചെയ്തിരുന്നത്. അക്കാലത്ത് വാപ്പ പള്ളിയിൽ നിന്നും തറാവീഹ് നിസ്കാരം കഴിഞ്ഞു വരുന്നതും കാത്ത് ഉറങ്ങാതെ ഇരിക്കുമായിരുന്നു. വാപ്പ പള്ളിയിൽ നിന്നും കൊണ്ടുവരുന്ന പൊതി ച്ചോറിന്‍റെ രുചി ഏത് ഹോട്ടലിൽ പോയി കഴിച്ചാലും കിട്ടില്ല.
എടുത്തു പറയേണ്ട ഒരാൾക്കുടി ഉണ്ട്, എന്റെ അയൽവാസി വരോണി ഉമ്മിച്ച. ഞങ്ങൾടെ പ്രദേശങ്ങളിൽ ഉള്ളവരെല്ലാം വരോണി ഉമ്മിച്ച എന്നു തന്നെയാരുന്നു വിളിക്കാറ്. എനിക്ക് എന്നും പ്രിയപ്പെട്ടവരാണ് അവരൊക്കെ. കളങ്കമില്ലാത്ത സ്നേഹമുള്ളവർ.
അവരുടെ വീട്ടിൽ വലിയ കലത്തിൽ നോമ്പ് കഞ്ഞി വെക്കുമാരുന്നു. അത് വാങ്ങാനായി അവിടെയുള്ള വലുതും ചെറുതുമായ എല്ലാവരും ഓടിയെത്തുമാരുന്നു. ഞാനും പോയിട്ടുണ്ട്. എനിക്ക് എന്നും സ്പെഷ്യൽ തരുമാരുന്നു.
എല്ലാം എന്റെ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ച് വെച്ചിരിക്കുന്നു എന്നു പറയുന്നതിനേക്കാൾ എനിക്കിഷ്ടം ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്നു പറയാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

