ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളെ അപലപിച്ച് ഒമാൻ
text_fieldsമസ്കത്ത്: ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ. ജി.സി.സി. സെക്രട്ടറി ജനറലും ജി.സി.സി രാജ്യങ്ങളിലെ വിദേശ കാര്യ പ്രതിനിധികളും യു.കെ, മൊറോക്കോ, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത സംയുക്ത മന്ത്രിതല യോഗത്തിലാണ് ഒമാന്റെ പ്രസ്താവന. ഓൺലൈനായി നടന്ന യോഗത്തിൽ ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അറ്റ് ലാർജ് ശൈഖ് അബ്ദുൽ അസീസ് അൽ ഹിനായി നയിച്ചു.
ഇറാൻ ഭൂപ്രദേശത്തെ ലക്ഷ്യമിട്ട് ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളെ ഒമാൻ അപലപിക്കുന്നുവെന്ന് ശൈഖ് അബ്ദുൽ അസീസ് അൽ ഹിനായി അറിയിച്ചു. മേഖലയിൽ ഏതെങ്കിലും രാജ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ ഒമാൻ ശക്തമായി എതിർക്കുന്നതായും വ്യക്തമാക്കി. ജി.സി.സി. രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടേയും ഭൂപ്രദേശങ്ങളെ ആക്രമണങ്ങൾക്കായി ലക്ഷ്യമിടുന്നതിനെ ഒമാൻ ഉറച്ച നിലപാടോടെ നിരസിക്കുന്നതായും പ്രതിസന്ധികളുടെ അടിസ്ഥാനകാരണങ്ങൾ പരിഹരിക്കാൻ നയതന്ത്ര മാർഗമാണ് ഏക പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സുരക്ഷ വെല്ലുവിളികൾ ചർച്ച ചെയ്യുകയും നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒമാൻ, ഫലസ്തീൻ വിഷയത്തിൽ ഉറച്ച നിലപാട് ആവർത്തിക്കുകയും മേഖലയിൽ സൈനിക സംഘർഷം കുറക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഒമാനും സഹോദര-സൗഹൃദ രാജ്യങ്ങളുമായുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനും ഇത്തരം യോഗങ്ങൾ സഹായകരമാണെന്ന് ശൈഖ് അബ്ദുൽ അസീസ് അൽ ഹിനായി ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഷയത്തിൽ ജി.സി.സി. രാജ്യങ്ങളുടെ ശക്തമായ പിന്തുണ വീണ്ടും യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ ആവർത്തിച്ചു. ഫലസ്തീൻ ജനതയുടെ സംരക്ഷണം ഉറപ്പാക്കുകയും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമപരമായ പ്രമേയങ്ങൾ അടിസ്ഥാനമാക്കി നീതിപൂർണവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും അവർ വ്യക്തമാക്കി.
പ്രദേശത്തെ നിലവിലെ സാഹചര്യത്തിൽ സൈനിക സംഘർഷം കുറക്കുന്നതിനും പ്രതിസന്ധികൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രിമാർ ആവശ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

