ചരക്കുനീക്കം സുഗമമാക്കാൻ ഒമാന്റെ സംയുക്ത നീക്കം
text_fieldsമസ്കത്ത്: വിവിധ ഗൾഫ് തുറമുഖങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള ചരക്ക് നീക്കം വേഗത്തിലാക്കാനും തടസ്സങ്ങൾ പരിഹരിക്കാനുമുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. ചരക്കുകളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ കസ്റ്റംസ് പരിശോധനകൾ എളുപ്പമാക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഒമാനിലേക്ക് ചരക്കുകൾ എത്തിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്ന വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ താഴെ പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. കസ്റ്റംസ് നടപടികളുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് സ്ഥാപനങ്ങൾക്ക് ദുബായ് കസ്റ്റംസുമായി [email protected] എന്ന ഇമെയിൽ വഴിയോ, +971 8001886 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ (24 മണിക്കൂറും) ബന്ധപ്പെടാം. ജബൽ അലി തുറമുഖം, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
ഒമാൻ വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ ബാധിക്കപ്പെട്ട ചരക്കുകളുടെ വിവരങ്ങൾ, ഷിപ്പിംഗ് കമ്പനിയുടെ പേര്, ഉൽപ്പന്നങ്ങളുടെ തരം എന്നിവയുൾപ്പെടെയുള്ള എല്ലാ രേഖകളും [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഫോം പൂരിപ്പിച്ചു നൽകിയാൽ അധികൃതർക്ക് ബന്ധപ്പെട്ട വകുപ്പുകളുമായി നേരിട്ട് ഏകോപനം നടത്താൻ സാധിക്കും.
റോയൽ ഒമാൻ പോലീസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്), പൊതു സാമ്പത്തിക-സ്വതന്ത്ര മേഖല അതോറിറ്റി എന്നിവയുമായി സഹകരിച്ച് വിദേശ-സ്വദേശി ട്രക്കുകളുടെ വരവും പോക്കും സുഗമമാക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. തുറമുഖങ്ങൾ വഴിയുള്ള ട്രക്കുകളുടെ പ്രവേശനം വ്യവസ്ഥാപിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുക, എല്ലാ പ്രവർത്തനങ്ങളും ‘വൺ ഡബ്ലിയുബി’ പ്ലാറ്റ്‌ഫോം വഴി കൃത്യമായി രേഖപ്പെടുത്തുക, സുതാര്യത ഉറപ്പാക്കാൻ ട്രക്കുകളുടെ നീക്കം ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കുക, ട്രക്കുകൾ തമ്മിൽ കണ്ടെയ്‌നറുകൾ മാറ്റുന്നതിനും ട്രെയിലറുകൾ കൈമാറുന്നതിനും ലോജിസ്റ്റിക് ഹബ്ബുകളിലേക്ക് മാറ്റുന്നതിനും സൗകര്യം ഒരുക്കുക, ‘വൺ ഡബ്ലിയുബി’ പ്ലാറ്റ്‌ഫോം വഴി ഒമാനി ട്രക്ക് ഡ്രൈവർമാരുമായി നേരിട്ട് കരാറുകളിൽ ഏർപ്പെടുക, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ട്രക്കുകൾക്കായി ‘ഫാസ്റ്റ് ട്രാക്ക്’ ലെയിനുകൾ അനുവദിക്കുക, വലിയ ഭാരമുള്ള ട്രക്കുകൾക്ക് അതിർത്തികളിൽ വേഗത്തിൽ പെർമിറ്റുകൾ നൽകി നടപടികൾ ലളിതമാക്കുക, ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും തടസ്സങ്ങളില്ലാതെ പ്രവേശനവും വിനിമയവും സാധ്യമാക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
റോഡ് ഗതാഗത സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന എല്ലാവരും ഈ നടപടികളോട് സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഇത് സംബന്ധിച്ചുള്ള പുതിയ മാറ്റങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി യഥാസമയം അറിയിക്കമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

