പരിസ്ഥിതി അതോറിറ്റി ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം
text_fieldsമസ്കത്ത്: പ്ലാസ്റ്റിക് മലിനീകരണം കുറക്കാനും സുസ്ഥിര പരിസ്ഥിതി വികസനം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ പരിസ്ഥിതി അതോറിറ്റി ഓഫിസുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തി. പരിസ്ഥിതി അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തിലാണ് ആദ്യഘട്ടത്തിൽ ഈ കർശന നിയന്ത്രണം നടപ്പാക്കുന്നത്. ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അതോറിറ്റിയുടെ ഈ പുതിയ ചുവടുവെപ്പ്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഉപയോഗം ഓഫിസുകളിൽ പരിമിതപ്പെടുത്താനും, പുനരുപയോഗിക്കാൻ സാധിക്കുന്ന കുപ്പികളുടെ ഉപയോഗ ശീലം ജീവനക്കാർക്കിടയിൽ പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കുറക്കുന്നതോടൊപ്പം ജീവനക്കാരിലും സന്ദർശകരിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്ലാസ്റ്റിക് ഉപഭോഗം പരമാവധി കുറക്കുക എന്ന അതോറിറ്റിയുടെ വിപുലമായ നയത്തിന്റെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

