Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിനടിയിൽ ആറ് ശിൽപങ്ങൾ; മിർബാത്തിൽ പുതിയ മ്യൂസിയം

text_fields
bookmark_border
കടലിനടിയിൽ ആറ് ശിൽപങ്ങൾ; മിർബാത്തിൽ പുതിയ മ്യൂസിയം
cancel

മസ്കത്ത്: ഒമാനിലെ മിർബാത്ത് തീരത്ത് കടലിനടിയിൽ ഒരുക്കിയ പരിസ്ഥിതി മ്യൂസിയം (സബ്‌മെർജ്ഡ് ഇക്കോ മ്യൂസിയം) ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്ത ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും രൂപത്തിലുള്ള ആറ് കൂറ്റൻ കോൺക്രീറ്റ് ശിൽപങ്ങൾ കടലിൽ സ്ഥാപിച്ചാണ് കൃത്രിമ പവിഴപ്പുറ്റുകൾ ഒരുക്കിയിരിക്കുന്നത്. ദോഫാർ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.മിർബാത്ത് ഗവർണർ ഹംദാൻ ബിൻ ഹമദ് അൽ ജനൈബിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടനം. ഒക്യു ബേസിക് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സഹായത്തോടെ പരിസ്ഥിതി അതോറിറ്റിയും വിവിധ വിദഗ്ധ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.കടലിൽ 20 മുതൽ 22 മീറ്റർ വരെ ആഴത്തിലുള്ള മണൽത്തട്ടിലാണ് ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഒമാന്റെ പ്രകൃതിപൈതൃകവും ജൈവവൈവിധ്യവും പ്രതിനിധീകരിക്കുന്ന ഹമ്പ്ബാക്ക് തിമിംഗലം, പച്ചക്കടലാമ, ഇന്ത്യൻ മഹാസമുദ്ര ഡോൾഫിൻ, അറേബ്യൻ പുള്ളിപ്പുലി, അറേബ്യൻ മാൻ, കുന്തിരിക്ക മരം എന്നിവയുടെ രൂപങ്ങളിലാണ് ശിൽപങ്ങൾ നിർമിച്ചിരിക്കുന്നത്. ഇവയ്ക്ക് എട്ട് മുതൽ 14 ടൺ വരെയാണ് ഭാരം.

കടൽജീവികൾക്ക് പുതിയ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും പ്രദേശത്തെ സമുദ്ര ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് പരിസ്ഥിതി അതോറിറ്റി മിർബാത്ത് റിസർവ് കേന്ദ്രം മേധാവിയും പ്രോജക്ട് മാനേജറുമായ ഇസ്സാം ബിൻ സഈദ് അൽ ബൂസി പറഞ്ഞു. പരിസ്ഥിതി ആഘാത പഠനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കുറഞ്ഞ പാരിസ്ഥിതിക ആഘാതസാധ്യതയുള്ള മേഖലയിൽ ശിൽപങ്ങൾ സ്ഥാപിച്ചത്.പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്കൂബ ഡൈവിങ് പ്രേമികൾക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതുമാണ് പദ്ധതി. ഖരീഫ് സീസണിന് ശേഷവും മിർബാത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. പ്രാദേശിക ഡൈവിങ് കേന്ദ്രങ്ങൾക്കും ബോട്ട് ഓപ്പറേറ്റർമാർക്കും ഉൾപ്പെടെ വിനോദസഞ്ചാര മേഖലക്ക് പുതിയ വരുമാനസാധ്യതകളും തുറക്കും. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Underwater museum set up in Mirbat
Next Story