ഏഷ്യൻ കപ്പ് 2027; ഖത്തർ, ജപ്പാൻ ഗ്രൂപ് എഫിൽ
text_fieldsദോഹ: ഏഷ്യൻ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2027ലെ സൗദി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ വൻശക്തികളായ ജപ്പാനൊപ്പം ഖത്തർ ഗ്രൂപ്പ് എഫിൽ ഏറ്റുമുട്ടും. ഔദ്യോഗിക ഗ്രൂപ്പ് നറുക്കെടുപ്പ് പ്രൗഢഗംഭീരമായ സദസ്സിൽ സൗദി തലസ്ഥാന നഗരത്തിലെ ചരിത്രപ്രസിദ്ധമായ ദറഇയയിലെ സൽവ കൊട്ടാരത്തിൽ നടന്നു. സൗദി അറേബ്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഈ വൻകര പോരാട്ടം 2027 ജനുവരി ഏഴിന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് സമാപിക്കും.
ശക്തരായ ജപ്പാൻ, ഖത്തർ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് എഫ് ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾകൊണ്ട് ശ്രദ്ധേയമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. തുടർച്ചയായി മൂന്നാംവട്ടവും കിരീടം ലക്ഷ്യമിട്ടാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ സൗദിയിൽ ബൂട്ടുകെട്ടുക. 2024ൽ ജോർഡാനെയും 2019ൽ ജപ്പാനെയും കീഴടക്കിയാണ് ഏഷ്യൻ കപ്പ് അന്നാബികൾ നിലനിർത്തിയത്.
ആതിഥേയരായ സൗദി അറേബ്യ നയിക്കുന്ന ഗ്രൂപ്പ് എ -യിൽ കുവൈത്ത്, ഒമാൻ, ഫലസ്തീൻ എന്നിവരാണ് ടീമുകൾ. ഗ്രൂപ്പ് ബിയിൽ ഉസ്ബെക്കിസ്ഥാനൊപ്പം ബഹ്‌റൈൻ, ഉത്തര കൊറിയ, ജോർഡാൻ എന്നിവർ മാറ്റുരക്കും. ഗ്രൂപ്പ് സി-യിൽ ഇറാൻ, സിറിയ, കിർഗിസ്ഥാൻ, ചൈന എന്നിവരാണ് ഉൾപ്പെടുന്നത്. ഓസ്‌ട്രേലിയ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി-യിൽ ഇറാഖ്, താജിക്കിസ്ഥാൻ, സിംഗപ്പൂർ എന്നിവരാണ് എതിരാളികൾ. ഗ്രൂപ്പ് ഇ-യിൽ ദക്ഷിണ കൊറിയ, യു.എ.ഇ, വിയറ്റ്നാം എന്നിവർക്കൊപ്പം ലെബനൻ അല്ലെങ്കിൽ യെമൻ എന്നിവരിൽ ഒരു ടീം കൂടി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

