വർണ്ണാഭമായി ഐ.സി.സി കേരളപ്പിറവി ആഘോഷം
text_fieldsഐ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), അഫിലിയേറ്റ് ചെയ്ത 52 മലയാളി സംഘടനകളുമായി ചേർന്ന് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം വർണ്ണാഭമായി. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും അവതരിപ്പിച്ച് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടി ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും പ്രവാസി സമൂഹത്തിനിടയിൽ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചെണ്ടമേളവും മറ്റ് പരമ്പരാഗത കലാരൂപങ്ങളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള തനത് രുചിക്കൂട്ടുകൾ ഉൾപ്പെടുത്തി ഒരുക്കിയ കേരള ഫുഡ് ഫെസ്റ്റിവൽ സന്ദർശകർക്ക് മികച്ചൊരു അനുഭവം സമ്മാനിച്ചു. കരകൗശല വസ്തുക്കൾ, പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിരുന്നു. പ്രവാസി യുവതലമുറക്കിടയിൽ മലയാള ഭാഷയുടെ പ്രചാരണത്തിനും കേരളത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം നിലനിർത്തുന്നതിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ മലയാളം അധ്യാപകരെ ആദരിച്ചു.
കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത പിന്നണി ഗായകനുമായ ജി. വേണുഗോപാൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക -കലാ പാരമ്പര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതം പറഞ്ഞു. തുടർന്ന് ഐ.സി.സി കൾച്ചറൽ ആക്ടിവിറ്റീസ് ഹെഡ് നന്ദിനി അബ്ബഗൗണി ആമുഖ പ്രസംഗം നടത്തി.
ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ അംബാസഡറുടെ പത്നി പ്രതിമ റെഡ്ഡി, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അഫിലിയേറ്റഡ് സംഘടന പ്രസിഡന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു.

