വിദ്യാഭ്യാസ മികവുമായി പോഡാർ പേൾ സ്കൂൾ; തുടർച്ചയായ രണ്ടാം വർഷവും 'ഖത്തർ 1+' ബഹുമതി
text_fieldsദോഹ: എജുക്കേഷൻ വേൾഡ് ഗ്ലോബൽ സ്കൂൾ റാങ്കിങ് 2026 –27-ൽ ഖത്തറിലെ '1+ സ്കൂൾ' ആയി പോഡാർ പേൾ സ്കൂളിനെ തുടർച്ചയായ രണ്ടാം വർഷവും തെരഞ്ഞെടുത്തു. അധ്യാപന മികവ്, കാര്യക്ഷമമായ നേതൃത്വം, വിദ്യാർഥികളുടെ സമഗ്രമായ വികസനം എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം. ഡൽഹിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ പുരസ്കാരം ഏറ്റുവാങ്ങി. സ്കൂൾ നേതൃത്വത്തിന്റെ ഭാവി, പഠനത്തിൽ എ.ഐ ഉപയോഗം, വായന ശീലം, അധ്യാപകരുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് നടന്ന ചർച്ചകളിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. സ്കൂളിന് ലഭിച്ച അംഗീകാരം അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അഭിമാനകരമമാണെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.
ദോഹയിലെ അൽ മൻസൂറയിൽ ആരംഭിക്കുന്ന പുതിയ ക്യാമ്പസ് സ്കൂളിന്റെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലാണെന്നും മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. പുതിയ ക്യാമ്പസിന് സ്ഥലം അനുവദിച്ചുള്ള കരാറിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് എജുക്കേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഒമർ അബ്ദുൽഅസീസ് അൽ നുഐമിയും സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാറും തമ്മിൽ ഒപ്പുവെച്ചു.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, അഷ്ഗാൽ പ്രസിഡന്റ് എൻജിനായർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സ്കൂൾ വൈസ് പ്രസിഡന്റുമാരായ ഡോ. സ്റ്റെഫി റേച്ചൽ സാം, പ്രണവ് പ്രദീപ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. മുഹമ്മദ് അൽത്താഫ്, ഷംന അൽത്താഫ്, സാം മാത്യു, അഷ്റഫ് മാടത്തിൽ, പി.പി. അൻവർ എന്നിവരും പങ്കെടുത്തു.

