ജി.സി.സി ഗെയിംസിന് ഇന്ന് തിരിതെളിയും
text_fieldsദോഹ: ഗൾഫ് രാജ്യങ്ങൾ കാത്തിരിക്കുന്ന നാലാമത് ജി.സി.സി ഗെയിംസിന് ഇന്ന് ദോഹയിൽ കൊടിയുയരും. മേയ് 22 വരെ ദോഹയിൽ നടക്കുന്ന കായിക മാമാങ്കത്തിൽ ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം അത് ലറ്റുകൾ പങ്കെടുക്കും. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും യുവ പ്രതിഭകളെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
ഹാൻഡ്‌ബാൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്ക്വാഷ്, ഫെൻസിങ്, ബോക്സിങ്, തൈക്വാൻഡോ, കരാട്ടെ, നീന്തൽ, ബാസ്‌ക്കറ്റ്‌ബാൾ, ഷൂട്ടിങ്, അമ്പെയ്ത്ത്, വോളിബാൾ, കുതിരസവാരി തുടങ്ങി 17 കായിക ഇനങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.
ദോഹയിലെ അത്യാധുനിക സൗകര്യങ്ങളുള്ള 10 കായിക കേന്ദ്രങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തൈക്വാൻഡോ, ടേബിൾ ടെന്നീസ്, കരാട്ടെ തുടങ്ങിയ മത്സരങ്ങൾക്ക് ആസ്പയർ ഡോം വേദിയാകും. ഷൂട്ടിങ്, ആർച്ചറി തുടങ്ങിയവക്ക് ലുസൈൽ ഷൂട്ടിങ് റേഞ്ചിലും ഹമദ് അക്വാറ്റിക് സെന്ററിൽ സ്വിമ്മിങ്ങും അൽ ദുഹൈൽ സ്പോർട്സ് ഹാളിൽ ഹാൻഡ്‌ബാളും നടക്കും. മത്സരങ്ങൾക്കൊപ്പം സന്ദർശകർക്കും കായിക ആരാധകർക്കും വിവിധ ഫാൻ ഇവന്റുകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
2011ൽ ബഹ്‌റൈനിലാണ് പ്രഥമ ജി.സി.സി ഗെയിംസ് തുടക്കംകിറിച്ചത്. 27 സ്വർണവും 14 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ ആകെ 48 മെഡലുകളുമായി കുവൈത്തായിരുന്നു ഒന്നാം സ്ഥാനത്ത്. 10 സ്വർണവും 6 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ ആകെ 21 മെഡലുകളുമായി ബഹ്റൈൻ രണ്ടാമതും, 7 സ്വർണവും 12 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ ആകെ 26 മെഡലുകളുമായി ഖത്തർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

