സൗദി ദേശീയ ജീവകാരുണ്യ കാമ്പയിൻ: സംഭാവന 100 കോടി റിയാൽ കവിഞ്ഞു
text_fieldsയാംബു: സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്ഫോമായ 'ഇഹ്സാൻ' വഴി നടപ്പാക്കുന്ന ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിൻ വൻ വിജയത്തിലേക്ക്. കാമ്പയിൻ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സമാഹരിക്കാനായത് 100 കോടി റിയാൽ പിന്നിട്ടതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അർഹരായവരിലേക്ക് കൃത്യമായ സഹായമെത്തിക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന മുൻഗണനയുടെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സദായ) സാങ്കേതിക മേൽനോട്ടത്തിലാണ് ഇഹ്സാൻ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
അത്യന്താധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തികച്ചും സുതാര്യവും സുരക്ഷിതവുമായ രീതിയിലാണ് ഇഹ്സാൻ പ്ലാറ്റ്ഫോം ധനസമാഹരണം നടത്തുന്നത്. നൽകുന്ന സംഭാവനകൾ അർഹരായ കൈകളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ പ്ലാറ്റ്ഫോമിനുണ്ട്.
ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക ശരീഅ കമ്മിറ്റിയും പ്ലാറ്റ്ഫോമിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വദേശികളും വിദേശികളുമായ വ്യക്തികൾ എന്നിവർ ഈ കാമ്പയിനിൽ സജീവമായി പങ്കുചേരുന്നുണ്ട്. ജീവകാരുണ്യ മേഖലയിൽ ഡിജിറ്റൽ വിപ്ലവം സൃഷ്ടിച്ച ഇഹ്സാൻ വഴി നിരവധി പേർക്കാണ് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

