എം.എ. യൂസുഫലിക്കെതിരെ വ്യാജപ്രചാരണം: ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്
text_fieldsഷാജൻ സ്കറിയ, യൂസുഫലി
ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലിയ്ക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി നന്ദകുമാർ. ഷാജൻ സ്കറിയയുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ തങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘വ്യാജ ആരോപണം ഉന്നയിച്ച ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ല. മാപ്പ് പറഞ്ഞാലും പിൻവലിക്കില്ല. നിയമപരമായി മുന്നോട്ട് പോകും. കേരളത്തിൽ മാത്രമല്ല എല്ലായിടത്തും കേസുണ്ട്. ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു തരി വ്യാജആരോപണം പോലും അനുവദിക്കില്ല. അത്തരത്തിൽ ഉള്ള എല്ലാ കേസുകളും നിയമപരമായി നേരിടും. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് അനുവദിക്കില്ല. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിൽ’ -അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ബ്രാൻഡിനും സ്ഥാപനത്തിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരെ വരുന്ന ഒരു ശതമാനം ആരോപണങ്ങൾ പോലും വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾക്കെതിരെ തെറ്റായ വിവരങ്ങൾ, ആരോപണങ്ങൾ, വെറുപ്പ് എന്നിവ പ്രചരിപ്പിക്കുന്ന ആർക്കെതിരെയും ഫയൽ ചെയ്തിട്ടുള്ള കേസുകളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. തിരുവനന്തപുരത്തും കേരള ഹൈക്കോടതിയിലും, ലഖ്നൗവിലും ഡൽഹിയിലുമൊക്കെ ഫയൽ ചെയ്ത ഒരു കേസും ഇതുവരെ പിൻവലിക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്തിട്ടില്ല. അവരുടെ ക്ഷമാപണവും മാപ്പുമെല്ലാം അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഞങ്ങൾക്ക് ഒന്നും പറയാനില്ല. ഇന്ത്യയിലെ നിയമനടപടികളിലും നീതിന്യായ വ്യവസ്ഥയിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്’ -ദുബൈയിൽ വാർത്താസമ്മേളനത്തിനിടെ നന്ദകുമാർ വ്യക്തമാക്കി.
എല്ലാ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഒരു കേസും പിൻവലിച്ചിട്ടില്ല. നിയമനടപടികൾ തുടരുക തന്നെ ചെയ്യും. ലോകമെമ്പാടും ഓഫിസുകളുള്ള പബ്ലിക് ലിസ്റ്റഡ് കമ്പനിയാണ് ലുലു. ശക്തമായ ലീഗൽ ടീമും ഞങ്ങൾക്കുണ്ട്. എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇത് വെറുമൊരു വ്യക്തിപരമായ ആരോപണമല്ല. ലുലു എന്ന ബ്രാൻഡും സ്ഥാപനവും ഏകദേശം 75,000ഓളം ജീവനക്കാരുടെ വീടും കുടുംബവുമാണ്. കമ്പനിയുടെയും ചെയർമാന്റെയും ക്ഷേമത്തിന് ഞങ്ങൾ ഓരോരുത്തരും ഉത്തരവാദികളാണ്. ആ രീതിയിൽ തന്നെ മുന്നോട്ടുപോകും. ലൈക്കും ക്ലിക്കും ഷെയറും മുൻനിർത്തിയാകാം ഈ ആരോപണങ്ങളും വ്യാജവാർത്തകളുമൊക്കെ. പക്ഷേ, ബ്രാൻഡിന് കേടുപാടുകൾ വരുത്തുന്നത് ഞങ്ങൾ അംഗീകരിക്കില്ല. മാപ്പ് പറയാനോ ഒത്തുതീർപ്പിലെത്താനോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് അതൊന്നും വേണ്ട. നിയമനടപടികൾ മാത്രമാണ് ഏക വഴി’ -അദ്ദേഹം വിശദീകരിച്ചു.
യൂസഫലിയ്ക്കെതിരായ വ്യാജ പ്രചരണത്തിൽ കഴിഞ്ഞ ദിവസം ഷാജൻ സ്കറിയ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി പിൻവലിക്കുകയാണെന്നാണ് ഷാജൻ വിശദീകരണ വിഡിയോയിൽ പറയുന്നത്. യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ ആരോപണം.
2020 നവംബർ 21നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ വീഡിയോ യൂസഫലിക്കെതിരെ വിഡിയോ വന്നത്. ഇതിന് പിന്നാലെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് കേസ് നൽകുകയായിരുന്നു. എറണാകുളം സബ് കോടതിയിലാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാജൻ സ്കറിയ മാപ്പ് വിഡിയോയിൽ പറഞ്ഞു. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ, എം.എ. യൂസഫലിയോട് താൻ മാപ്പു പറഞ്ഞിട്ടില്ലെന്നും മാപ്പ് പറഞ്ഞെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ നൽകുമെന്നുമുള്ള പ്രസ്താവനയുമായി ഷാജൻ സ്കറിയ രംഗത്തുവന്നിട്ടുണ്ട്.

