സങ്കീർണ അസ്ഥിശസ്ത്രക്രിയകൾ ഇനി പേരൂർക്കട ജില്ല ആശുപത്രിയിലും
text_fieldsതിരുവനന്തപുരം: സങ്കീർണ അസ്ഥിരോഗ ശസ്ത്രക്രിയകൾ ഉൾപ്പെടെ ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കി പേരൂർക്കട ജില്ല മാതൃക ആശുപത്രി സാധാരണക്കാർക്ക് ആശ്വാസമാകുന്നു. മുട്ട്, ഇടുപ്പ് സന്ധികൾ മാറ്റിവെക്കുന്ന ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ, സങ്കീർണ എല്ലുപൊട്ടലുകൾക്കുള്ള ശസ്ത്രക്രിയകൾ, താക്കോൽദ്വാര ശസ്ത്രക്രിയയായ ആർത്രോസ്കോപ്പി എന്നിവക്കുള്ള സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയത്. രണ്ടുമാസത്തിനിടെ ഇത്തരത്തിലുള്ള പത്തോളം ശസ്ത്രക്രിയകളാണ് നടന്നത്. മെഡിക്കൽ കോളജുകൾക്ക് സമാന ചികിത്സാ സംവിധാനങ്ങളൊരുക്കി താഴേത്തട്ടിലെ ആശുപത്രികളെ ശക്തിപ്പെടുത്തുകയെന്നത് സർക്കാർ നയമാണെന്നും ഇതിന്റെ ഭാഗമായാണ് പേരൂർക്കട ആശുപത്രിയിലെ മാറ്റമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
സ്‍പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. സ്വകാര്യ ആശുപത്രികളിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രിയിലൂടെ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്ന് ഓർത്തോപീഡിക് സർജൻ ഡോ. വിവേക് മാത്യു പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ആശുപത്രി സൂപ്രണ്ട് ഡോ. അനു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. അനിൽ രാധാകൃഷ്ണൻ, ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. വി.എസ്. വിനോദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആരതി, ഡോ. വിനായക് എന്നിവരുടെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ് ആശുപത്രിയുടെ ഈ നേട്ടത്തിന് പിന്നിൽ.
അസ്ഥിരോഗ ചികിത്സ രംഗത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നട്ടെല്ല് സംബന്ധമായ സങ്കീർണ ശസ്ത്രക്രിയകളും ഭാവിയിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക ശ്രമങ്ങൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ആരംഭിച്ചതായി ഡോ. വിവേക് മാത്യു പറഞ്ഞു. ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനായാൽ നട്ടെല്ല് ശസ്ത്രക്രിയകളും ഇവിടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ജില്ലയിൽ സർക്കാർ സംവിധാനത്തിൽ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളത് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ്. പേരൂർക്കട ആശുപത്രിയിലും നട്ടെല്ല് ശസ്ത്രക്രിയകൾ യാഥാർഥ്യമാകുന്നതോടെ കൂടുതൽ രോഗികൾക്ക് സമയബന്ധിതമായി ചികിത്സ നൽകാനാകും.

