വേനൽച്ചൂടിൽ ഉരുകുന്ന വയറിന് ആശ്വാസം; ദഹനാരോഗ്യം വീണ്ടെടുക്കാൻ ഈ പഴങ്ങൾ ശീലമാക്കാം
text_fieldsവർധിച്ചുവരുന്ന വേനൽച്ചൂട് ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെയും പ്രത്യേകിച്ച് ദഹനവ്യവസ്ഥയെയും സാരമായി ബാധിക്കുന്നതാണ്. നിർജ്ജലീകരണം മൂലം ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് അസിഡിറ്റി, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ വലിയ ആശ്വാസം നൽകും.
തണ്ണിമത്തൻ
ജലാംശത്താൽ സമ്പന്നമായ തണ്ണിമത്തൻ വേനൽക്കാലത്തെ ഏറ്റവും മികച്ച ആഹാരമാണ്. ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ, വിറ്റാമിൻ സി, പോളിഫെനോൾസ് എന്നിവ വീക്കങ്ങൾ കുറക്കാനും ശരീരത്തിന് പ്രതിരോധശേഷി നൽകാനും സഹായിക്കും. തണ്ണിമത്തന്റെ ചുവന്ന ഭാഗത്തോടൊപ്പം വെളുത്ത തൊലിഭാഗവും കഴിക്കുന്നത് നാരുകൾ ലഭിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് കൊളസ്ട്രോൾ ആഗിരണം കുറക്കാനും ദഹനം സുഗമമാക്കാനും ഉത്തമമാണ്.
പപ്പായ
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പപ്പായ ഒരു മികച്ച ഔഷധമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന 'പാപ്പെയ്ൻ' (Papain), 'കൈമോപാപ്പെയ്ൻ' (Chymopapain) എന്നീ എൻസൈമുകൾ പ്രോട്ടീൻ ദഹനത്തെ വേഗത്തിലാക്കുന്നു. കുടലിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കാനും ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാനും പപ്പായ സഹായിക്കും.
മാമ്പഴം
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിൽ ധാരാളം പോളിഫെനോളുകളും പ്രീബയോട്ടിക് നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. മാമ്പഴം ഗുണകരമാണെങ്കിലും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനും ചിലരിൽ അലർജി ഉണ്ടാക്കാനും ഇത് കാരണമായേക്കാം. അതുകൊണ്ട് മിതമായ അളവിൽ കഴിക്കുന്നത് വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
നേന്ത്രപ്പഴം
പൊട്ടാസ്യത്തിന്റെ കലവറയായ നേന്ത്രപ്പഴം ദഹനവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കുന്നു. സ്ഥിരമായി പഴം കഴിക്കുന്നത് കുടൽ സംബന്ധമായ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് കാർഷിക ശാസ്ത്ര ജേണലുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴുത്ത പഴമായാലും പച്ചയായാലും ഇതിലെ നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുന്നതാണ്.
പൈനാപ്പിൾ
പൈനാപ്പിളിലടങ്ങിയിരിക്കുന്ന 'ബ്രോമെലെയ്ൻ' (Bromelain) എന്ന എൻസൈം ദഹനത്തെ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വീക്കങ്ങൾ കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് വേനൽക്കാലത്ത് പൈനാപ്പിൾ ജ്യൂസായോ സാലഡായോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
നമ്മുടെ ആന്തരിക ആരോഗ്യത്തിന്റെ അടിത്തറ ദഹനവ്യവസ്ഥയാണ്. വേനൽക്കാലത്ത് ശരിയായ രീതിയിൽ നാരുകളും ജലാംശവും അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തെ തണുപ്പിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

