പുതിയൊരു തുടക്കം, പുതുക്കിയ ദൃഢനിശ്ചയത്തോടെ! സിവിൽ സർവിസിൽ നിന്ന് രാജി പ്രഖ്യാപിച്ച് അനുപമ സരോജ് സിങ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ജി.എസ്.ടി മുൻ ഡെപ്യൂട്ടി കമീഷണറും പ്രൊവിൻഷ്യൽ സിവിൽ സർവിസ് ഉദ്യോഗസ്ഥയുമായ അനുപമ സരോജ് സിങ് സർവിസിൽ നിന്ന് രാജിവെച്ചു.
ഔദ്യോഗിക ജീവിതത്തിൽ മറ്റൊരു ചുമതലയേറ്റെടുക്കുന്നതിനാലാണ് രാജിയെന്ന് അവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
സമാജ്‌വാദി പാർട്ടി വക്താവ് അനുരാഗ് ഭതൗരിയയാണ് അനുപമയുടെ ഭർത്താവ്. അനുപമ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി സൂചനയുണ്ട്.
‘പുതിയൊരു തുടക്കം... പുതുക്കിയ ദൃഢനിശ്ചയത്തോടെ!
ഭരണസേവനത്തിൽനിന്ന് പൊതു പ്രവർത്തനത്തിലേക്കുള്ള എന്റെ ചുവടുമാറ്റം പുതിയൊരു പദവിയിലേക്കുള്ള മാറ്റം മാത്രമല്ല. സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ പുതിയ രീതിയിൽ നിറവേറ്റാനുള്ള പ്രതിബദ്ധത കൂടിയാണ്.
ആശയങ്ങൾകൊണ്ടു മാത്രം മാറ്റങ്ങൾ സൃഷ്ടിക്കാനാവില്ലെന്നും, അതിന് സജീവമായ പങ്കാളിത്തവും അർഥവത്തായ ഇടപെടലുകളും ആവശ്യമാണെന്നും ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ സ്നേഹവും വിശ്വാസവും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ, ഈ പുതിയ യാത്രക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.
സ്നേഹപൂർവം,
അനുപമ സരോജ് സിങ്’ -എന്നാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.
മുൻ എം.പി സുശീല സരോജിന്റെ മകളാണ് അനുപമ. സിനിമ, സംഗീതം എന്നീ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അനുപമ രാഗ് എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.
തീരുമാനം എളുപ്പമായിരുന്നില്ലെന്ന് അനുപമ ചൂണ്ടിക്കാട്ടി. സർവിസിലിരിക്കെ ആളുകളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കും അത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കാനും സാധിച്ചു. എന്നാൽ, പദവിയിലിരിക്കെ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിമിതിയുണ്ടെന്ന് തിരിച്ചറിഞ്ഞു. മാറ്റത്തിനായി പ്രതീക്ഷിക്കാനല്ല, മാറ്റത്തിന്റെ ഭാഗമാകാനുള്ള സമയമായിരിക്കുന്നുവെന്നും അനുപമ വ്യക്തമാക്കി.
ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പത്ത് വർഷമായി ചിന്തിക്കുകയായിരുന്നുവെന്ന് അടുത്തിനെ ഒരു അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

