ചാർജിലിട്ട ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു; ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം
text_fieldsബംഗളൂരു: വീടിനുള്ളിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു. ഹലസൂരു മേഴ്സി ടൗൺ സ്വദേശി ലൂർദ് നാഥൻ (65) ആണ് മരിച്ചത്. സ്കൂട്ടറിന്റെ ബാറ്ററി യൂനിറ്റിലുണ്ടായ സ്ഫോടനത്തെ തുടർന്നുണ്ടായ തീപ്പൊള്ളലാണ് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിക്കാൻ കാരണമായത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ മകന്റെ ഉടമസ്ഥതയിലുള്ള 'ഒക്കിനാവ' ഇലക്ട്രിക് സ്കൂട്ടർ വീടിനുള്ളിൽ ചാർജ് ചെയ്യാൻ വെച്ചതായിരുന്നു ലൂർദ് നാഥൻ. പുലർച്ച മൂന്ന് മണിയോടെ വൻ ശബ്ദത്തോടെ സ്കൂട്ടർ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. സ്കൂട്ടറിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന ലൂർദ് നാഥന് സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു.
ശബ്ദം കേട്ട് മുകൾനിലയിൽനിന്ന് ഓടിയെത്തിയ മകനും കുടുംബവും ഉടൻതന്നെ പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനുള്ളിലെ ഫർണിച്ചറുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഭാഗികമായി നശിച്ചിട്ടുണ്ട്. ബാറ്ററി അമിതമായി ചൂടായതോ ഓവർചാർജിങ്ങോ ആകാം സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹലസൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

