ഫാറൂഖ് അബ്ദുല്ല വധിക്കപ്പെടണമെന്ന് സർക്കാറിന് ആഗ്രഹമുണ്ടായിരുന്നോയെന്ന് ഖാർഗെ
text_fieldsഫാറൂഖ് അബ്ദുല്ല, മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഫാറൂഖ് അബ്ദുല്ല വധിക്കപ്പെടണം എന്നൊരാഗ്രഹം കേന്ദ്ര സർക്കാറിനുണ്ടായിരുന്നോ എന്ന രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിൽ രാജ്യസഭ ഇളകി. ശരിക്കും ഫാറൂഖ് അബ്ദുല്ലക്ക് സംരക്ഷണം നൽകണമെന്ന് സർക്കാർ ആഗ്രഹിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് പൂർണ സുരക്ഷ നൽകുമായിരുന്നുവെന്ന് ഖാർഗെ ഓർമിപ്പിച്ചു.
സംഘ് പരിവാർ ആചാര്യൻ ശ്യാമപ്രസാദ് മുഖർജിയുടെ മരണം പരാമർശിച്ച്, അത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്ന് സഭാ നേതാവ് ജെ.പി നഡ്ഡ ഭരണപക്ഷത്തുനിന്ന് മറുപടി നൽകി. ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി ചെന്നപ്പോഴാണ് ഫാറൂഖ് അബ്ദുല്ലക്കുനേരെ വധശ്രമം നടന്നതെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കൈകളിൽ കശ്മീരി ജനത സുരക്ഷിതമല്ല. മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും രാജ്യത്തിന് വേണ്ടിയും പരിശ്രമിച്ചവരുടെയെല്ലാം ജീവൻ അപകടത്തിലാണെന്നും ഖാർഗെ പറഞ്ഞു. 307ാം അനുച്ഛേദം റദ്ദാക്കി സംസ്ഥാന പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു- കശ്മീരിലെ സ്ഥിതി വഷളായിരിക്കുകയാണ്.
അതോടെ പൊലീസിനെ കേന്ദ്ര നിയന്ത്രണത്തിലാക്കിയെന്നും ജമ്മു-കശ്മീരിൽ ക്രമസമാധാനം തകർന്നുവെന്നും ഖാർഗെ തുടർന്നു. അവിടത്തെ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിവില്ലെങ്കിൽ ജമ്മു-കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി നൽകണമെന്നും അതോടെ തങ്ങൾ സുരക്ഷിതരാണെന്ന തോന്നൽ ജനങ്ങൾക്കുണ്ടാകുമെന്നും ഖാർഗെ പറഞ്ഞു. ഫാറൂഖ് അബ്ദുല്ലയുടെ ജീവൻ അപകടത്തിലായതിനാൽ അദ്ദേഹത്തിന് അധിക സുരക്ഷ നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

