118 പേരുടെ പിന്തുണ കത്തുമായി വരൂ..., വിജയിയെ വീണ്ടും തിരിച്ചയച്ച് ഗവർണർ; കോടതിയെ സമീപിക്കാൻ ടി.വി.കെ
text_fieldsചെന്നൈ: ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സാങ്കേതികത്വം ചൂണ്ടിക്കാട്ടി തമിഴക വെട്രി കഴക(ടി.വി.കെ)ത്തെ മന്ത്രിസഭ രൂപവത്കരണത്തിൽനിന്ന് അകറ്റിനിർത്തിയുള്ള ഗവർണറുടെ കടുംപിടിത്തം തുടർന്നതോടെ തമിഴക രാഷ്ട്രീയം സങ്കീർണതയിലേക്ക്. ഇരുപത്തിനാലു മണിക്കൂറിനിടെ ലോക്ഭവനിൽ വീണ്ടുമെത്തിയ ടി.വി.കെ തലവൻ വിജയ്, മന്ത്രിസഭ രൂപവത്കരണത്തിന് അനുമതി നൽകണമെന്ന് ഒരിക്കൽ കൂടി ആവശ്യപ്പെട്ടെങ്കിലും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ അസാധാരണമാംവിധം നിരസിച്ച കാഴ്ചക്കാണ് വ്യാഴാഴ്ച സംസ്ഥാനം സാക്ഷിയായത്. ഇതോടെ പരിഭ്രാന്തിയിലായ ടി.വി.കെ, പിന്തുണ തേടി ചെറു പാർട്ടികളുടെ ആസ്ഥാനങ്ങളിലേക്ക് ഓടിയെത്തിയെങ്കിലും പ്രതീക്ഷകൾ ഇതുവരെ സഫലമായിട്ടില്ല.
ബുധനാഴ്ച തന്നെവന്നു കണ്ടപ്പോൾ, പിന്തുണക്കുന്ന മുഴുവൻ എം.എൽ.എമാരുടെയും പട്ടികയുമായി എത്താനാവശ്യപ്പെട്ട് തിരിച്ചയച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ വ്യാഴാഴ്ച വിജയ് യെ ലോക്ഭവനിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാവിലെ 11 മണിയോടെ ലോക്ഭവനിലെത്തിയ വിജയ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശം വീണ്ടും ഉന്നയിച്ചു. കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ പട്ടിക സംബന്ധിച്ച വിവരങ്ങളും ഗവർണർ ചോദിച്ചറിഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കണമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമായിരുന്നു വിജയ് അഭ്യർഥിച്ചത്. എന്നാൽ, വിജയ് യുടെ വിശദീകരണത്തിൽ ഗവർണർ തൃപ്തനായില്ലെന്നാണ് റിപ്പോർട്ട്. കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ പിന്തുണക്കത്തുകളുമായി വരണമെന്നും അതുവരെ മറ്റാരെയും ക്ഷണിക്കില്ലെന്നും ഗവർണർ ഉറപ്പുനൽകിയെന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, കേവല ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എൽ.എമാരുടെ പട്ടിക സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വിജയ് യെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തതെന്ന് വിശദീകരിച്ച് ലോക്ഭവൻ വ്യാഴാഴ്ച വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. ടി.വി.കെയിലെ 107 എം.എൽ.എമാരുടെയും കോൺഗ്രസിലെ അഞ്ച് എം.എൽ.എമാരുടെയും പട്ടികയാണ് ബുധനാഴ്ച വിജയ് ഗവർണർക്ക് കൈമാറിയിരുന്നത്. എന്നാൽ, 117 പേരുടെ പട്ടിക വേണമെന്ന് ലോക്ഭവൻ വ്യക്തമാക്കി. ഇതേത്തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ഒരുക്കങ്ങൾ നിർത്തിവെച്ചു. വിജയ്ക്ക് നൽകിയ പ്രത്യേക പൊലീസ് സുരക്ഷയും പിൻവലിച്ചു.
ഗവർണർ കടുംപിടിത്തം തുടർന്നതോടെ, ടി.വി.കെ നേതാവ് സി.ടി. നിർമൽകുമാർ ചെന്നൈയിലെ സി.പി.എം, സി.പി.ഐ, വി.സി.കെ ഓഫിസുകളിൽ നേരിട്ടുചെന്ന്, വിജയ് യുടെ നേതൃത്വത്തിലുള്ള മതേതര സർക്കാറിന് പിന്തുണ തേടിയെങ്കിലും പലരും മനസ്സു തുറന്നില്ല. അതേസമയം, എൻ.ഡി.എ കക്ഷികളോട് പിന്തുണ തേടിയിട്ടില്ലെന്നും നിർമൽകുമാർ പറഞ്ഞു.
ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ സി.പി.ഐ തമിഴ്‌നാട് ഘടകവും ഗവർണറോട് ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാൻ വിജയിയോട് ആവശ്യപ്പെടുന്നത് "അനുചിതമാണെന്ന്" പാർട്ടി വ്യക്തമാക്കി. ഗവർണറുടെ നിലപാടിൽ ആശങ്ക രേഖപ്പെടുത്തിയ ടി.വി.കെ കോടതിയെ സമീപിക്കുമെന്നാണ് വിവരം. വിഷയത്തിൽ സി.പി.ഐ, സി.പി.എം, വി.സി.കെ എന്നിവരുടെ പിന്തുണ ടി.വി.കെക്ക് ലഭിച്ചിട്ടുണ്ട്. ഈ മൂന്ന് പാർട്ടികളും നിലവിൽ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണ്. വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നിൽനിന്ന് വിജയ് രാജി വെക്കുന്നതോടെ നിയമസഭയിൽ ടി.വി.കെയുടെ അംഗബലം 107 ആയി കുറയും. കോൺഗ്രസിന്‍റെ അഞ്ചു എം.എൽ.എമാരടക്കം 112 അംഗങ്ങളുടെ പിന്തുണയാണ് നിലവിൽ ടി.വി.കെക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് അഞ്ചു സീറ്റുകൾ കുറവാണ്. മുൻകാലങ്ങളിൽ പല സംസ്ഥാനങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ സർക്കാർ രൂപവത്കരിക്കാൻ ഗവർണർമാർ ക്ഷണിക്കുന്നതാണ് പതിവ്. നിശ്ചിത കാലാവധിക്കുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതി.
വ്യാഴാഴ്ച ചെൈന്ന ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു വിജയ് തീരുമാനിച്ചിരുന്നത്. 107 ടി.വി.കെ എം.എൽ.എമാരുടെയും അഞ്ച് കോൺഗ്രസ് എം.എൽ.എമാരുടെയും പേരുൾപ്പെട്ട പട്ടികയാണ് വിജയ് ഗവർണർക്ക് കൈമാറിയത്. 234 അംഗ നിയമസഭയിൽ 108 സീറ്റാണ് ടി.വി.കെക്ക്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് ആവശ്യം. വിജയ് യെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമെന്നും നിശ്ചിത കാലാവധിക്കുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന നിബന്ധന ഗവർണർ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, കേവല ഭൂരിപക്ഷത്തിനാവശ്യമായ മുഴുവൻ എം.എൽ.എമാരുടെയും പട്ടിക സമർപ്പിക്കണമെന്നാണ് ലോക്ഭവൻ ആവശ്യപ്പെടുന്നത്.
രണ്ടുവീതം സീറ്റുള്ള, ഡി.എം.കെ സഖ്യത്തിലെ വി.സി.കെ, സി.പി.എം, സി.പി.ഐ എന്നിവർക്ക് പിന്തുണ തേടി വിജയ് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ, മതേതര രാഷ്ട്രീയ ശക്തികളോടൊപ്പം മാത്രമേ സി.പി.എം നിലകൊള്ളുകയുള്ളൂവെന്ന് ഷൺമുഖം പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

