പഞ്ചാസാര കയറ്റുമതിക്ക് നിരോധനവുമായി ഇന്ത്യ; സെപ്റ്റംബർ 30വരെയാണ് നിയന്ത്രണം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതി നിരോധിച്ചതായി കേന്ദ്രസർക്കാർ. സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണം. ഉൽപ്പാദനത്തിലെ കുറവും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവുമാണ് നിയന്ത്രണത്തിന് കാരണം.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിനുമായി ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും പ്രത്യേക ക്വാട്ട പ്രകാരമുള്ള കയറ്റുമതിക്ക് ഈ നിരോധനം ബാധകമല്ല. അസംസ്കൃത, വെളുത്ത, ശുദ്ധീകരിച്ച പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ബാധകമാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നേരത്തേ, മിച്ച ഉൽപ്പാദനം പ്രതീക്ഷിച്ച് പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, നിലവിൽ പുറത്തിറക്കിയ ഉത്തരവിൽ പൂർണമായും നിരോധിച്ചതായി കേന്ദ്രം വ്യക്തമാക്കി. സെപ്റ്റംബർ 30ന് അവസാനിക്കുന്ന സീസണിൽ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 32 ദശലക്ഷം ടണ്ണായിരിക്കുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഉൽപ്പാദനത്തിലെ കുറവും പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയിൽ പണപ്പെരുപ്പ സാധ്യതയും മുന്നിൽക്കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള 2025-26 സീസണിൽ ഇന്ത്യ ഏകദേശം 275 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 50 ലക്ഷം ടൺ സ്റ്റോക്ക് കൂടി ചേർത്താൽ ഏകദേശം 325 ലക്ഷം ടണ്ണാകും. ആഭ്യന്തര ആവശ്യം 280 ലക്ഷം ടണ്ണിലെത്തിയേക്കും. അതിനാൽ 45 ലക്ഷം ടൺ മാത്രമാണ് ക്ലോസിങ് സ്റ്റോക്ക് ഉണ്ടാകുക. 2016-17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. അതിനാൽ അടുത്ത സീസണിനെക്കുറിച്ചും ആശങ്കയുള്ളതിനാലാണ് സർക്കാറിന്റെ നിയന്ത്രണം.
കയറ്റുമതിയിലെ പെട്ടന്നുള്ള നിരോധനം വ്യാപാരികളെയും പഞ്ചസാര മില്ലുകളെയും ദോഷകരമായി ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഏഷ്യൻ, ആഫ്രിക്കൻ വിപണിയെ നിരോധനം പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

