‘മോദി സർക്കാർ തൊഴിലാളികളെ വഞ്ചിച്ചു’; തൊഴിൽ ചട്ടങ്ങൾ കോർപ്പറേറ്റുകളെ സഹായിക്കാനെന്ന് ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ നാല് തൊഴിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുജനങ്ങളുടെ പരിശോധന ഒഴിവാക്കാൻ മോദി സർക്കാർ ഭീരുത്വപരമായ നീക്കമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മെയ് 8, 9 തിയതികളിലെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ജനരോഷം ഭയന്ന് മാറ്റിവെച്ച 'തൊഴിലാളി വിരുദ്ധ' പരിഷ്കാരങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ നടപ്പിലാക്കുന്നത് മോദി സർക്കാരിന്റെ രീതിയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു. 2015ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് പോലും വിളിച്ചുചേർക്കാതെ, ആരുമായും കൂടിയാലോചന നടത്താതെയാണ് ഈ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഈ പരിഷ്കാരങ്ങൾ പ്രധാനമന്ത്രിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാൻ മാത്രമുള്ളതാണെന്നും സ്വാതന്ത്ര്യത്തിന് ശേഷം തൊഴിലാളികൾക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും ഖാർഗെ ആരോപിച്ചു. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലയിൽ 'ഹയർ ആൻഡ് ഫയർ' (ഇഷ്ടമുള്ളപ്പോൾ ജോലി നൽകുക, വേണ്ടപ്പോൾ പിരിച്ചുവിടുക) സംസ്കാരം വളരുമെന്നും കരാർ ജോലികൾ വർധിക്കുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
തൊഴിലാളികളുടെ യൂണിയൻ രൂപീകരിക്കാനുള്ള അവകാശങ്ങൾ പോലും പരിമിതപ്പെടുത്തുന്നതാണ് ഈ നിയമങ്ങളെന്ന് ഖാർഗെ മുന്നറിയിപ്പ് നൽകി. തൊഴിലുറപ്പ് പദ്ധതി, മിനിമം വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷ, കരാർ നിയമനം ഒഴിവാക്കൽ എന്നിങ്ങനെ തൊഴിലാളികൾക്കായി കോൺഗ്രസ് മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന വാഗ്ദാനങ്ങൾ ഖാർഗെ വീണ്ടും ഓർമിപ്പിച്ചു.
എന്താണ് പുതിയ തൊഴിൽ ചട്ടങ്ങൾ?
29 നിലവിലെ തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ചാണ് കേന്ദ്രം നാല് പുതിയ തൊഴിൽ ചട്ടങ്ങൾ കൊണ്ടുവന്നത്. വേതന കോഡ് (2019), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (2020), സോഷ്യൽ സെക്യൂരിറ്റി കോഡ് (2020), ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (2020).
ഈ നിയമങ്ങൾ 2025 നവംബറിൽ തന്നെ പ്രാബല്യത്തിൽ വന്നെങ്കിലും, ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെ ഇവ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായിരിക്കുകയാണ്. ബിസിനസ് എളുപ്പമാക്കുന്നതിനും നിയമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഈ പരിഷ്കാരങ്ങളെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

