ബംഗാളിൽ ആദ്യദിനം തന്നെ മുള്ളുവേലി; ആറ് തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ ആദ്യ മന്ത്രിസഭാ യോഗം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ബി.ജെ.പി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായകമായ ആറ് തീരുമാനങ്ങൾ. എസ്.ഐ.ആർ ഏറെ ചർച്ചയായ സംസ്ഥാനത്ത് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിക്കാനുള്ള സ്ഥലം ബി.എസ്.എഫിന് കൈമാറാറുന്നതാണ് സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. സംസ്ഥാനത്ത് സെൻസസ് നടപടിക്രമങ്ങൾ ഉടൻ നടപ്പാക്കാനും തീരുമാനമായതായി മുഖ്യമന്ത്രി സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.
45 ദിവസത്തിനുള്ളിൽ ഭൂമി ബി.എസ്.എഫിന് കൈമാറും. "ബംഗ്ലാദേശ് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിക്കാൻ ആവശ്യമായ ഭൂമി 45 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ സർക്കാർ ബി.എസ്.എഫിന് കൈമാറും. സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ പ്രൊഫൈൽ മാറി. ആദ്യ ദിവസം തന്നെ, ഭൂമി കൈമാറ്റം ചെയ്യുന്നതിന് ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ബി.എസ്.എഫിനും അനുമതി നൽകി. ഭൂവിനിയോഗ, റവന്യൂ സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും ഇതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുണ്ട്. ആവശ്യമായ ഭൂമി 45 ദിവസത്തിനുള്ളിൽ ബി.എസ്.എഫിന് കൈമാറും," അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ ബംഗ്ലാദേശിൽ നിന്നുള്ള വിദേശ പൗരന്മാർ നിയമവിരുദ്ധമായി ബംഗാളിൽ പ്രവേശിക്കുന്നുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.
മുസ്ലീം ഭൂരിപക്ഷ ബംഗ്ലാദേശിൽ നിന്നുള്ള വിദേശ പൗരന്മാർക്ക് വോട്ടിന് പകരമായി അനധികൃതമായി പ്രവേശിക്കാനും തിരിച്ചറിയപ്പെടാതെ ഇരിക്കാനും അനുവദിക്കുന്ന ഒരു സുതാര്യമായ അന്താരാഷ്ട്ര അതിർത്തിയാണ് തൃണമൂൽ പാർട്ടിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
സംസ്ഥാനത്ത് എസ്.ഐ.ആർ പൂർത്തിയായപ്പോൾ 90 ലക്ഷത്തിലധികം പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ബി.ജെ.പി വിജയിച്ച 100ൽ അധികം മണ്ഡലങ്ങളിൽ ഭൂരിപക്ഷം എസ്.ഐ.ആറിൽ നിന്ന് വെട്ടിമാറ്റപ്പെട്ട വോട്ടുകളെക്കാൾ വളരെ കുറവായിരുന്നു.
സർക്കാർ ജോലികളിൽ അപേക്ഷിക്കാനുള്ള പ്രായപരിധി അഞ്ച് വർഷം നീട്ടാനും സുവേന്ദു അധികാരിയുടെ ആദ്യ കാബിനറ്റ് യോഗം തീരുമാനിച്ചു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് മുൻ ഭരണകൂടം ആരംഭിച്ച ലക്ഷ്മിർ ഭണ്ഡാർ പോലുള്ള ക്ഷേമ പരിപാടികൾ നിർത്തില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.
"ലക്ഷ്മിർ ഭണ്ഡാർ നിർത്തില്ല... ബംഗാളിൽ നിലവിലുള്ള എല്ലാ ഗുണഭോക്തൃ പദ്ധതികളും നിർത്തില്ല," അധികാരി പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ എല്ലാ പ്രധാന വോട്ടെടുപ്പുകളിലും തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട ബി.ജെ.പി, ഇത്തവണ സംസ്ഥാനത്തെ 294 സീറ്റുകളിൽ 207 സീറ്റുമായി അട്ടിമറി വിജയം നേടുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ചും സംസ്ഥാനത്തുടനീളമുള്ള 90.8 ലക്ഷം പേരുടെ പേരുകൾ എങ്ങനെ ഇല്ലാതാക്കിയെന്നതിനെക്കുറിച്ചും നടത്തിയ ശക്തമായ പ്രചാരണത്തിന് ശേഷമാണ് ഈ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

