ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് മോദി; സംഘർഷത്തിലും മരണത്തിലും ആശങ്ക പ്രകടിപ്പിച്ചു
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ മോദി ആശങ്ക പ്രകടിപ്പിച്ചു.
ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. ‘ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസഷ്കിയാനുമായി സംസാരിച്ചു, മേഖലയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്തു. സംഘർഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ചരക്കുകളുടെയും ഊർജത്തിന്റെയും തടസ്സമില്ലാത്ത വിതരണം എന്നിവ ഇന്ത്യയുടെ പ്രഥമ മുൻഗണനകളായി തുടരുന്നതായും സമാധാനത്തിനും സ്ഥിരതക്കമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നുതരാമെന്ന് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഇറാൻ വിദേശ മന്ത്രിയുമായി നടത്തിയ സംഭാഷണത്തെ തുടർന്നാണ് സുപ്രധാന തീരുമാനമെന്നറിയുന്നു. അതേസമയം, ഇരുവരും മൂന്നുവട്ടം സംഭാഷണം നടത്തിയെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇറാൻ സമ്മതം നൽകിയെന്ന റിപ്പോർട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായില്ല. ഇതിനിടയിൽ സിഗ്നൽ സംവിധാനങ്ങൾ ഓഫ് ചെയ്ത് സാഹസികമായി ഒരു ചരക്കുകപ്പൽ ഹോർമുസ് കടലിടുക്കുവഴി മുംബൈ തീരത്തണഞ്ഞിട്ടുണ്ട്.
സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യ-ഇറാൻ വിദേശ മന്ത്രിമാർ മൂന്നുവട്ടം സംഭാഷണം നടത്തിയത്. എന്നാൽ, യുദ്ധം തുടങ്ങിയ ശേഷം ഇറാൻ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി അടക്കം ആരും ഇതുവരെ നയതന്ത്ര സംഭാഷണം നടത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യൻ പതാകയുള്ള കപ്പലുകൾ കടത്തിവിടുന്ന കാര്യം ഇരു വിദേശ മന്ത്രിമാരും ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

