Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനസംഖ്യ കുറഞ്ഞു; രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നതിൽ ഇനി പ്രസക്തിയില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: രാജ്യത്ത് ജനനനിരക്ക് കുറഞ്ഞെന്നും രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതിൽ ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി നിരീക്ഷണം. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള ഭയമാണ് ഇത്തരം നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിച്ചിരുന്നത്. ജനനനിരക്കിലുണ്ടായ കുറവും മാറിവരുന്ന ജനസംഖ്യാപരമായ പ്രവണതകളും ഇത്തരം നിയന്ത്രണങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തിയതായി കോടതി നിരീക്ഷിച്ചു.

"രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് പിഴവോ വിലക്കോ ഏർപ്പെടുത്തുന്ന നിയമങ്ങൾക്ക് അവയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഞങ്ങളുടെ ശക്തമായ അഭിപ്രായം. അത്തരം നിയമങ്ങളുടെ അടിത്തറയായ 'ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള ഭയം', കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായുണ്ടായ ജനസംഖ്യാപരമായ മാറ്റങ്ങൾ കാരണം തകർന്നുപോയി," ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാവരുതെന്ന 1994-ലെ ഹരിയാന പഞ്ചായത്തിരാജ് ആക്ടിന്റെ സാധുത ശരിവെച്ച 'ജാവേദ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാന' എന്ന കേസിലെ 2003-ലെ വിധി പുനഃപരിശോധിക്കുന്നതിനായാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത്.

കോടതി രണ്ട് കുട്ടികളുടെ മാനദണ്ഡം ശരിവെച്ച 2003-ൽ ഇന്ത്യയിലെ ഫെർട്ടിലിറ്റി റേറ്റ് 3 ആയിരുന്നത് നിലവിൽ 1.9 ആയി കുറഞ്ഞിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു തലമുറയ്ക്ക് പകരം മറ്റൊന്ന് എന്ന നിലയിൽ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ റീപ്ലേസ്‌മെന്റ് ഫെർട്ടിലിറ്റി റേറ്റ് 2.1 ആണ്.

"അതുകൊണ്ട് ഇന്ത്യയിലെ ജനസംഖ്യ ഇതുവരെ കുറഞ്ഞുതുടങ്ങിയിട്ടില്ലെങ്കിലും, ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് നിരക്കിനേക്കാൾ താഴുന്നത് തൊഴിൽ ചെയ്യുന്ന ജനവിഭാഗത്തിന്റെ അനുപാതം കുറയുന്നതിനും, വയോജനങ്ങളുടെ എണ്ണം കൂടുന്നതുമായ ഒരു ജനസംഖ്യാപരമായ മാറ്റത്തിലേക്ക് വൈകാതെ നയിക്കും," ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കാക്കോഡ ഗ്രാമപഞ്ചായത്തിലെ മുൻ സർപഞ്ചായ മംഗള ഭീംറാവു ഇംഗ്ലെ സമർപ്പിച്ച ഹർജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്. മൂന്നാമതൊരു കുട്ടി കൂടി ഉണ്ടായെന്ന കാരണത്താൽ തന്നെ അയോഗ്യയാക്കിയതിനെ ചോദ്യം ചെയ്താണ് ഇവർ കോടതിയെ സമീപിച്ചത്.

1959-ലെ മഹാരാഷ്ട്ര വില്ലേജ് പഞ്ചായത്ത് ആക്ടിലെ സെക്ഷൻ 14 (1)(j-1) പ്രകാരമാണ് ഇംഗ്ലെയെ അയോഗ്യയാക്കിയത്. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ പഞ്ചായത്ത് അംഗം അല്ലെങ്കിൽ സർപഞ്ച് പദവി വഹിക്കുന്നതിൽ നിന്ന് ഈ നിയമം തടയുന്നു. 2000 സെപ്റ്റംബറിലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two child norm has lost relevance- Supreme Court refers issue to larger bench
Next Story