Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാൻ ഇവിടെ മുഖ്യമന്ത്രിയായല്ല, നിങ്ങളുടെ സഹോദരനായാണ് വന്നത്’; കുട്ടികളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നില്ലെന്ന് വിജയ്

text_fields
bookmark_border
vijay
cancel
camera_alt

വിജയ്

ചെന്നൈ: കുട്ടികളെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ മദ്രാസ് ഹൈകോടതി നടത്തിയ ശക്തമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് വിശദീകരണവുമായി എത്തിയത്. താൻ വിദ്യാർഥികളെ ആദരിക്കാൻ എത്തിയതാണെന്നും, വോട്ട് തേടാനോ 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാനോ അല്ലെന്നും വിജയ് വ്യക്തമാക്കി.

2023 മുതൽ എല്ലാ വർഷവും നടന്നുവരുന്ന പരിപാടിയുടെ ഭാഗമായാണ് ബുധനാഴ്ച ചെന്നൈയിൽ വിദ്യാർഥികളെ ആദരിച്ചത്. മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിജയ് സമ്മാനിച്ചു. ടിവികെയുടെ രാഷ്ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത് മോശമായ പ്രവണതയാണെന്നായിരുന്നു മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

കുട്ടികളുമായുള്ള പാർട്ടിയുടെ ഇടപെടലുകളെ കുറിച്ച് പുതിയ സംശയങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ പരിപാടിക്ക് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ഉണ്ടാകാതിരിക്കാൻ വിജയ് പ്രത്യേകം ശ്രദ്ധിച്ചത്. ചടങ്ങിൽ രാഷ്ട്രീയം പറയില്ലെന്നും അദ്ദേഹം ആദ്യമേ വ്യക്തമാക്കി. ‘ഞാൻ മുഖ്യമന്ത്രിയായല്ല, സഹോദരനായാണ് വന്നത്’ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു.

‘ഞാൻ ഇവിടെ മുഖ്യമന്ത്രിയായല്ല വന്നിരിക്കുന്നത്. എപ്പോഴത്തെയും പോലെ നിങ്ങളുടെ സഹോദരനായാണ് ഞാൻ ഇവിടെ എത്തിയത്. ഒരുപക്ഷേ വിജയ് ഇപ്പോൾ മുതൽ 2029 ലേക്ക് തയാറെടുക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. പക്ഷേ അങ്ങനെയൊന്നുമില്ല. ഞാൻ ഇവിടെ രാഷ്ട്രീയം പറയാൻ വന്നതല്ല, വോട്ട് ചോദിക്കാനും വന്നതല്ല. ഇപ്പോൾ നിങ്ങൾക്ക് രാഷ്ട്രീയവും പാർട്ടിയും ആവശ്യമില്ല. നന്നായി പഠിക്കൂ, കൂടുതൽ നേട്ടങ്ങൾ കൈവരിക്കൂ, ഉയരങ്ങളിലെത്തൂ’ വിജയ് പറഞ്ഞു.

‘വിദ്യാർഥികളോട് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ പരസ്പര ബഹുമാനം പുലർത്തണമെന്നും വിജയ് ആവശ്യപ്പെട്ടു. കൈക്കൂലി, അഴിമതി, മയക്കുമരുന്ന് എന്നിവയിൽ നിന്ന് അകന്നുനിൽക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ലഹരി പോലുള്ള ദോഷകരമായ ശീലങ്ങളിൽ വീണുപോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൈകോടതിയുടെ നിരീക്ഷണത്തിൽ ടിവികെ വക്താവ് എം. സത്യകുമാർ പ്രതികരിച്ചു.

കോടതിയുടെ ആശങ്കകൾ പാർട്ടി ഗൗരവമായി എടുക്കുന്നുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കോടതിയുടെ നിരീക്ഷണങ്ങൾ ശരിയാണ്. ഞങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. കോടതി ഉത്തരവ് ബോധപൂർവം പാലിക്കുന്നുണ്ട്’ സത്യകുമാർ പറഞ്ഞു. എന്നാൽ സ്വമേധയാ പാർട്ടിയുമായി ബന്ധപ്പെടുന്ന കുട്ടികളെയോ പ്രചാരണത്തിൽ പങ്കെടുക്കുന്നവരെയോ തടയാൻ പാർട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

വിജയ് വർഷങ്ങളായി അക്കാദമിക് മികവ് പുലർത്തുന്ന വിദ്യാർഥികളെ ആദരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയായ ശേഷവും അത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ചെറിയ തോതിൽ ആരംഭിച്ച അവാർഡ് പരിപാടി പിന്നീട് മണ്ഡല തലത്തിലുള്ള പരിപാടികളായി വിപുലീകരിച്ചതാണെന്നും സത്യകുമാർ വിശദീകരിച്ചു.

അതിനിടെ ദാവോസ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ വിജയ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വിജയ് ദാവോസിലേക്ക് പോകുന്നതെന്നാണ് സൂചന. വിദ്യാർഥികളെ ആദരിക്കുന്ന പരിപാടി വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണോ അതോ യഥാർത്ഥത്തിൽ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണോ എന്ന ചർച്ചകൾ തമിഴ്നാട്ടിൽ സജീവമായി തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vijay Denies Using Children Politically
Next Story