തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21; നിയന്ത്രണങ്ങൾ കർശനമാക്കി വിജയ് സർക്കാർ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മദ്യ വിതരണ നിയന്ത്രണങ്ങൾ കർശനമാക്കി വിജയ് സർക്കാർ. ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെ മദ്യം ഉപയോഗിക്കുന്നതിനുള്ള നിയമപരമായ പ്രായം 21 ആക്കി നിജപ്പെടുത്തുകയും ചെയ്തു. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് മദ്യ നിയന്ത്രണങ്ങൾ കർശനമാക്കിയുള്ള വിജയ് സർക്കാറിന്റെ തീരുമാനം.
ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവക്ക് സമീപത്തെ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. മദ്യലഭ്യത തടയുന്നതിനും പൊതുജനക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന നയ ഇടപെടലുകളിലൊന്നാണിതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ടാസ്മാക്കിന്റെ എല്ലാ ഔട്ട്ലെറ്റുകളിലെയും ജീവനക്കാർ ഉപഭോക്താക്കളുടെ പ്രായം കർശനമായി പരിശോധിക്കണമെന്നും 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് തടയണമെന്നും തമിഴ്നാട് സർക്കാർ നിർദ്ദേശിച്ചു. ഉപഭോക്താവിന്റെ പ്രായത്തെക്കുറിച്ച് സംശയമുയരുന്ന സാഹചര്യങ്ങളിൽ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിക്കും. മദ്യശാലകളുടെ പ്രവർത്തന സമയം കുറക്കുന്നതിനെക്കുറിച്ചും സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഉച്ച 12 മുതൽ രാത്രി 10 വരെയാണ് ടാസ്മാക് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഔട്ട്ലെറ്റുകൾ അടക്കാനുള്ള സമയം എട്ടുമണിയിലേക്ക് ഉയർത്താനാണ് സർക്കാറിന്റെ നീക്കം.
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാന സ്ത്രോതസ്സുകളിലൊന്നാണ് മദ്യവിൽപ്പന. 2025ൽ ടാസ്മാക് 48,344 കോടി രൂപയുടെ മദ്യമാണ് വിറ്റത്. സർക്കാരിന്റെ കണക്കനുസരിച്ച് 4,765 ടാസ്മാക് മദ്യവിൽപ്പനശാലകളാണ് പ്രവർത്തിക്കുന്നത്. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യവിൽപ്പനശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 എണ്ണവും ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 എണ്ണവും അടുത്ത രണ്ടാഴ്ചക്കുള്ളിൽ അടച്ചുപൂട്ടുമെന്ന് സർക്കാർ അറിയിച്ചു. ഇവ അടച്ചുപൂട്ടുന്നതോടെ തമിഴ്നാട്ടിലെ ടാസ്മാക് കടകളുടെ എണ്ണം 4,048 ആയി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

