104ാം വയസ്സിലും നകാരം കൊട്ടി കുഞ്ഞല
text_fieldsമുക്കാട്ടുകര: വാർധക്യത്തിന്റെ തളർച്ചയേതുമില്ലാതെ 104ാം വയസ്സിലും ആവേശത്തോടെ നകാരം കൊട്ടി ചിറയത്ത് കൊച്ചാപ്പു കുഞ്ഞല വിളംബരം കുറിച്ചതോടെ, മുക്കാട്ടുകര സെന്റ് ജോർജ് ഇടവക ദിനാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനവും നടന്നു. ഇടവക വികാരി ഡോ. ഫാ. വിൻസെന്റ് ചെറുവത്തൂർ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
വികാരി ഡോ. ഫാ. വിൻസെന്റ് ചെറുവത്തൂരും അസിസ്റ്റന്റ് വികാരി റവ. ഫാ. നിതിൻ പൊന്നാരിയും ചേർന്ന് ഇടവക ദിനത്തിന്റെ ഔദ്യോഗിക നാമമായ ‘യാഹദ് 2കെ26’ പ്രഖ്യാപിച്ചു.
ഇടവകയിലെ ഏറ്റവും പ്രായംചെന്ന അംഗമായ കുഞ്ഞല നകാരം കൊട്ടിയതിന് പിന്നാലെ, ഇടവകയിലെ 40 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 40 ബലൂണുകൾ ആകാശത്തേക്ക് പറത്തി. ഇടവക ദിനം കൺവീനർ സി.ഒ. ഡേവിസ്, ജോയന്റ് കൺവീനർ പ്രിൻസ് മേനാച്ചേരി, ജെസ്വിൻ സാജു, നിധിൻ ജോസ്, ജെൻസൻ ജോസ് കാക്കശ്ശേരി, ടോമി നെല്ലിശ്ശേരി, മദർ സുപ്പീരിയർ സിസ്റ്റർ റീത്ത, ഡീക്കൻ ജോബി വടയാറ്റുകുഴി, ഷിജ വർഗീസ്, ഡിക്സൺ ഡേവിസ് എന്നിവർ സംസാരിച്ചു.

