ഐഷ പോറ്റി മുതൽ സുധാകരൻ വരെ; അസാധാരണ സാഹചര്യത്തിൽ സി.പി.എം
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെ നാല് മുൻ എം.എൽ.എമാർ പരസ്യമായി വെല്ലുവിളിച്ച് പാർട്ടി വിട്ടത് തെരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിക്കുന്നത് അസാധാരണ സാഹചര്യം. കൊട്ടാരക്കരയിൽ ഐഷാ പോറ്റിയും ദേവികുളത്ത് എസ്. രജേന്ദ്രനും പാലക്കാട് പി.കെ ശശിയും ആലപ്പുഴയിൽ ജി. സുധാകരനുമാണ് സി.പി.എമ്മുമായി കലഹിച്ച് വഴിപിരിഞ്ഞതും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതും.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ഭീഷണി ഇനിയും കെട്ടടങ്ങിയിട്ടില്ല. നാല് മുൻ എം.എൽ.എമാരിൽ മൂന്ന് പേരുടെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് ഐഷ പോറ്റിയുടെ നിയോഗം. ദേവികുളത്ത് എസ്.രാജേന്ദ്രൻ എൻ.ഡി.എ സ്ഥാനാർഥിയാകും. ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി ജനവിധി തേടുമെന്ന ചർച്ചകളുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
പി.കെ ശശിയും സ്ഥാനാർഥി സാധ്യതകൾ തേടുന്നുണ്ട്. സി.പി.എം സ്വതന്ത്രനായിരുന്ന പി.വി അൻവർ നേരത്തെ തന്നെ പാർട്ടി വിട്ട് ബേപ്പൂരിൽ ജനവിധി തേടുകയാണ്. വിഭാഗീയതക്ക് വിരാമമിട്ട ശേഷം ഉയർന്ന ഒറ്റപ്പെട്ട വിമത നീക്കങ്ങളെ സംഘടന ശേഷിയിൽ അപ്രസക്തമാക്കിയ അനുഭവങ്ങളാണ് കഴിഞ്ഞ 13 വർഷത്തേതെങ്കിലും, കൈയിലൊതുങ്ങാത്ത വിധം കരുത്താർജിക്കുന്നുവെന്നതാണ് സമീപകാലത്തെ വിയോജിപ്പുകളുടെയും കൂറുമാറ്റങ്ങളുടെയും പൊതു സ്വഭാവം. വിഭാഗീയത ഉൻമൂലനം ചെയ്ത പാർട്ടി സെക്രട്ടറി എന്ന വിശേഷണമുള്ള പിണറായി വിജയൻ പാർട്ടിയിലും സർക്കാറിലും ഒരുപോലെ കരുത്തനായി തുടരുമ്പോഴാണ് പാർട്ടിക്കുള്ളിലെ അസാധാരണ പടനീക്കം.
എളമരം കരീമിന്റേത് കള്ളറിപ്പോർട്ട് -സുധാകരൻ
ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ അന്വേഷണം നടത്തിയ എളമരം കരീമിന്റേത് കള്ളറിപ്പോർട്ടാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. സി.പി.എം അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു വിമശർനം. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ 22 ആരോപണങ്ങളുള്ള റിപ്പോർട്ടാണ് തയാറാക്കിയത്.
അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞതിന് എനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജിൽ ഞാൻ കാര്യം വിശദീകരിച്ചു. അവർ വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ, ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. കള്ള റിപ്പോർട്ടല്ലേ അത്?’. രാജ്യസഭയുടെ പടി ഇറങ്ങിയപ്പോള്‍ തെന്ന ലോക്സഭയിലേക്ക് മത്സരിച്ചു. ‘കരീമിക്ക’ എന്ന് കോഴിക്കോട് പോസ്റ്റര്‍ പതിച്ചു. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

