മൂന്നാമൂഴത്തിന് സുധാകരന്റെ ‘റെഡ് കാർഡ്’
text_fieldsതിരുവനന്തപുരം: അധികാരത്തുടർച്ചയുടെ മൂന്നാം അധ്യായത്തിന് തയാറെടുപ്പുകൾ അന്തിമമാകുന്ന നിർണായക ഘട്ടത്തിൽ, മുതിർന്ന നേതാവ് ജി. സുധാകരന്‍റെ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം സി.പി.എം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജനവിധി തേടാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം സി.പി.എമ്മിനെ സംബന്ധിച്ച് പ്രാദേശിക വെല്ലുവിളി മത്രമല്ല, മറിച്ച് സംസ്ഥാന വ്യാപകമായി പാർട്ടിയുടെ സംഘടനാ കരുത്തിന് നേരെയുള്ള മൂർച്ചയേറിയ ചോദ്യംകൂടിയാണ്.
ഒരു ഭാഗത്ത് ഭരണവിരുദ്ധ വികാരം തണുപ്പിക്കാൻ വിയർപ്പൊഴുക്കുന്നതിനിടെ 63 വർഷം പാർട്ടിക്കൊപ്പം സഞ്ചരിച്ച മുതിർന്ന നേതാവ് പാർട്ടിക്കെതിരെ എഴുന്നേറ്റ് നിൽക്കുന്നതാണ് സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നത്. പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും പാലക്കാട് പി.കെ ശശിയും ഉയർത്തുന്ന വെല്ലുവിളികൾക്ക് പിന്നാലെയാണ് പാർട്ടി തട്ടകമായ ആലപ്പുഴയിലെ പൊട്ടിത്തെറി.
സ്ഥാനാർഥി പ്രഖ്യാപനത്തിനായി ഒരു മണിക്കൂർ നീണ്ട സുധാകരന്‍റെ വാർത്താസമ്മേളനം അക്ഷരാർഥത്തിൽ സി.പി.എമ്മിനുള്ള കുറ്റപത്രമായിരുന്നു. തന്‍റെ പാർട്ടി ബന്ധത്തിന്‍റെ ആഴം അടിവരയിട്ടും ഇടപെടലുകളിലെ സുതാര്യത വിശദീകരിച്ചുമായിരുന്നു പടിയിറക്കം പ്രഖ്യാപിച്ചത്. ഫലത്തിൽ സുധാകരനെ പോലെ സംശുദ്ധ പ്രതിഛായയുള്ളയാൾക്ക് രാഷ്ട്രീയമായി മറുപടി പറയുക സി.പി.എമ്മിന് പ്രയാസമാകും. ഇതുവരെ നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞാകും സി.പി.എം പ്രതിരോധം.
അമ്പലപ്പുഴ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഒരു സീറ്റ് എന്നതിനപ്പുറം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ്. 1967ൽ വി.എസ്. അച്യുതാനന്ദൻ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് മുതൽ മിക്കവാറും തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ തുണച്ച ചരിത്രമാണ് അമ്പലപ്പുഴയുടേത്. സുധാകരൻ ഒരു ജനകീയ നേതാവായതിനാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരിൽ വലിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പം പോകാൻ സാധ്യതയുണ്ട്. പതിറ്റാണ്ടുകളായി സുധാകരനെ കണ്ടുവളർന്ന സാധാരണ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് പ്രയാസകരമാകും.
സി.പി.എം പ്രത്യയശാസ്ത്രപരമായ ദൃഢതക്കും അച്ചടക്കത്തിനും പേരുകേട്ട പ്രസ്ഥാനമാണെങ്കിലും, മുതിർന്ന നേതാക്കൾ പാർട്ടി വിട്ടുപോയ സന്ദർഭങ്ങളിലെല്ലാം അത് വലിയ തെരഞ്ഞെടുപ്പ് ആഘാതങ്ങൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. എം.വി. രാഘവൻ, കെ.ആർ. ഗൗരിയമ്മ, ടി.പി. ചന്ദ്രശേഖരൻ തുടങ്ങിയവർ നടത്തിയ സമാന നീക്കങ്ങൾ പാർട്ടിയുടെ അടിത്തറയിൽ ഏൽപിച്ച ആഘാതം പരിശോധിക്കുമ്പോൾ, സുധാകരന്റെ നടപടി ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്നതും പാർട്ടി കേന്ദ്രങ്ങളെ പൊള്ളിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

