‘കാമറ ഉള്ളത് അറിഞ്ഞില്ല, കോൺഗ്രസിൽ വിപ്ലവമുണ്ടാക്കാനാണ് ഞാനത് ചെയ്തത്’ -കെ.സിയുടെ ഫ്ലക്സ് വെച്ച സി.പി.എം നേതാവിന്റെ ശബ്ദരേഖ പുറത്ത്
text_fieldsതൃശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച് ‘പെട്ടു’ പോയ സി.പി.എം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്ത്. കാമറ ഉള്ളത് താൻ അറിഞ്ഞിരുന്നില്ലെന്നും കോൺഗ്രസിൽ വിപ്ലവമുണ്ടാക്കാനാണ് കെ.സി അനുകൂല ബോർഡ് വെച്ചതെന്നും സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് പറയുന്ന വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്. ഇയാൾ ബോർഡ് തലയിലേറ്റി കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
‘നമുക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത്. കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി എന്നാണ് വിചാരിച്ചത്. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. അവിടെയുള്ള കാമറ ആദ്യം കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വെച്ചത്’ -മുഹമ്മദ് സി.പി.എം വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.
‘എല്ലാവർക്കും നമസ്കാരം. ഞാൻ ഒരുപാട് മെസ്സേജുകൾ കണ്ടു. ഒന്ന് രണ്ട് സ്ഥലത്ത് പോയിട്ട് വീട്ടിൽ വരുമ്പോൾ വാടാനപ്പള്ളിക്കാരുടെയും മറ്റുള്ള ആൾക്കാരുടെയും ഒക്കെ മെസ്സേജ് കണ്ടു. എന്റെ പ്രസ്ഥാനത്തിനോട് ഏറ്റവും കൂടുതൽ എതിരുള്ള ഒരു പാർട്ടിയുടെ ആൾക്കാരുടെ ബോർഡാണ് ഞാൻ വച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയുടെ. ഈ ഗ്രൂപ്പിൽ തന്നെ നമുക്ക് എല്ലാവർക്കും അറിയാം. വാടാനപ്പള്ളിയിൽ പാർട്ടി ചിഹ്നത്തിൽ നിൽക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരൊക്കെ ഈ ഗ്രൂപ്പിലുണ്ട്. വാടാനപ്പള്ളി നേതാക്കന്മാർക്കെതിരെ നിരന്തരം പോസ്റ്റ് ഇടുന്ന ആൾക്കാരും ഉണ്ട്. ഞാൻ അത്ര തരംതാണ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
നമ്മൾക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നെ കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. കാരണം ഒരു ക്യാമറ ഉണ്ടായിരുന്നു, അത് കേടായി. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. ആദ്യം അവിടെ കാമറ കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വെച്ചത്. മനസ്സിലായോ?
നമ്മുടെ ഒരുപാട് ചർച്ചകളൊക്കെ ഞാൻ കണ്ടു, കേട്ടു. നമ്മുടെ സ്വന്തം പാർട്ടിക്കാരെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരുടെ ചർച്ചയും കേട്ടു. ഒരുപാട് നല്ല ആൾക്കാരുടെ ചർച്ചയും കേട്ടു. ഞാൻ ഇതിൽ ഒരു വിശദീകരണം തരാൻ വേണ്ടിയിട്ടാണ് ഈ സംസാരിച്ചത്. ഓക്കേ. ഇനി ഇതിൽ ഒരുപാട് ചൊറിയാൻ നിൽക്കണ്ട. ആർക്കെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ നേരിട്ട് വാ..’ -ശബ്ദ സന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘കെ.സി നയിക്കട്ടെ’ എന്നായിരുന്നു വേണുഗോപാലിന്റെ ഫോട്ടോ വെച്ചുകൊണ്ടുള്ള ബോർഡിലുള്ളത്. ‘സേവ് കോൺഗ്രസ്’ എന്നും താഴെ എഴുതിയിട്ടുണ്ടായിരുന്നു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ ആരാണ് ഇങ്ങനെ ഒരു ഫ്ലക്സ് വെച്ചതെന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ അന്വേഷണമാണ് കള്ളിപൊളിച്ചത്. സമീപത്തെ സിസിടിവി കാമറകൾ കോൺഗ്രസുകാർ പരിശോധിക്കാൻ തുടങ്ങി. അപ്പോഴാണ് ഫ്ലക്സ് ബോർഡുമായി റോഡ് കുറുകെ കടന്ന് സിപിഎം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് വരുന്ന ദൃശ്യം ലഭിച്ചത്. ഇയാൾ ബോർഡ് റോഡരികിൽ സ്ഥാപികകുന്നതും ദൃശ്യങ്ങളിൽ കാണാം. നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ സി രവീന്ദ്രനാഥിന് വേണ്ടി സജീവ പ്രചരണത്തിന് ഇറങ്ങിയ ആളാണ് ഇദ്ദേഹം. സ്വന്തം കാറിൽ രവീന്ദ്രനാഥിനെറ ചിത്രം പതിച്ചായിരുന്നു പ്രചാരണം. ഇദ്ദേഹത്തിന്റെ ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടലങ്ങാടി ബ്ലോക്ക് മെമ്പറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

