140ന് മുകളിൽ സീറ്റ് ഞങ്ങൾക്ക് കിട്ടില്ല; ഇത് മൂന്ന് മുന്നണി മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പ് -രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: കേരളത്തിൽ മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ‘ഞാൻ ഏറെ റെസ്പോൺസിബിലിറ്റിയോടെ പറയുകയാണ്, ഇത് അവസാനത്തെ ഇലക്ഷൻ ആണ്. മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ ഇലക്ഷൻ ആയിരിക്കും. ഇത് കഴിഞ്ഞാൽ ഇവിടെ രണ്ട് പോൾസ് ആയിരിക്കും. ഒരുവശത്ത് സി.പി.എം-കോൺഗ്രസ് സഖ്യവും മറുവശത്ത് എൻ.ഡി.എയുമായിരിക്കും ഉണ്ടാവുക’ -അദ്ദേഹം പറഞ്ഞു.
എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ എന്ന ചോദ്യത്തിന് ‘140ന് മുകളിൽ ഞങ്ങൾ ഞങ്ങൾക്ക് സീറ്റ് കിട്ടില്ല. അതാണ് ഞങ്ങളുടെ പ്രതീക്ഷ’ -എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ‘140 സീറ്റിലും ജനങ്ങളുടെ വിശ്വാസം നേടാൻ ഞങ്ങൾ കഴിഞ്ഞ ഒരു മാസം അധ്വാനിച്ചു. അത് ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് മേയ് നാലാം തീയതി നമുക്ക് കിട്ടും’ -അദ്ദേഹം പറഞ്ഞു.
‘ഇലക്ഷൻ കഴിഞ്ഞാൽ എല്ലാവരും ഒരു രാഷ്ട്രീയ വിദ്വാൻ ആയിട്ട് മാറുമല്ലോ. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയിൽ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. വോട്ടിങ് ശതമാനം കൂടാൻ പ്രധാന കാരണം അതാണെന്നാണ് എന്റെ അഭിപ്രായം.
മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ ഇലക്ഷൻ ആയിരിക്കും ഇതെന്ന് ഞാൻ ഉത്തരവാദിത്തത്തോടെ പറയുകയാണ്. ഇത് കഴിഞ്ഞാൽ ഇവിടെ രണ്ട് കക്ഷികൾ തമ്മിലുള്ള മത്സരമാവും. ഒരുവശത്ത് സി.പി.എം-കോൺഗ്രസ് സഖ്യവും മറുവശത്ത് എൻ.ഡി.എയുമായിരിക്കും ഉണ്ടാവുക. ബാക്കി 27 സംസ്ഥാനങ്ങളിലും എട്ട് യൂണിയൻ ടെറിട്ടറികളിലും ഇപ്പോൾ ഉള്ള കോൺഗ്രസ് -സിപിഎം ഇൻഡ്യ മുന്നണി 2031ലെ തെരഞ്ഞെടുപ്പിൽ ഇവിടെയും വരും. അങ്ങനെയാണ് ഞാൻ കാണുന്നത്. അതിൽ ഒരു സംശയവുമില്ല. കാരണം കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒരു വ്യത്യാസവുമില്ല. അവരുടെ രാഷ്ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോർഡ് തുടങ്ങിയവ നോക്കിയാൽ ഒരു വ്യത്യാസവുമില്ല. ഒരു വലിയ മാറ്റം വരും. ഇതൊരു ബൈപോളർ പൊളിറ്റിക്സ് ആയിട്ട് മാറും. അതിൻറെ ഒരു പോൾ ബിജെപി- എൻഡിഎ ആകുമെന്നതിൽ ഒരു സംശയവുമില്ല.
ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമെന്നൊന്നും പറയാനില്ല. അതെല്ലാം ജനങ്ങൾ തീരുമാനിക്കും. ഞങ്ങൾ അങ്ങനെ അഹങ്കാരത്തോടെ പൂട്ടും താക്കോല് എടുത്ത് നടക്കുന്ന പാർട്ടിയോ മുന്നണിയോ ഒന്നുമല്ല. അത് അവർ ചെയ്യട്ടെ ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറയും. ഒരു മാറ്റം വരും എന്നുറപ്പാണ്. അത് എങ്ങനെയായിരിക്കും, ബിജെപി -എൻഡിഎക്ക് എത്രത്തോളം റോൾ ജനങ്ങൾ തരും എന്ന് നമുക്ക് മേയ് നാലാം തീയതി കാണാം.
നേമത്ത് ഞങ്ങളെല്ലാം നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പിൽ പോയി ആത്മാർത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാൽ ഞങ്ങൾ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്, വോട്ടർമാരാണ്. നല്ല പ്രതീക്ഷ തന്നെയാണുള്ളത്. ഞാൻ എത്രയോ വീട്ടിൽ കയറി ഇറങ്ങിയ വ്യക്തിയാണ്. കൂടാതെ 140 മണ്ഡലത്തിൽനിന്നും എൻഡിഎ നേതൃത്വത്തിന് ഫീഡ്ബാക്കും കിട്ടിയിട്ടുണ്ട്. അതിനാൽ, എനിക്ക് ആത്മവിശ്വാസം ഉണ്ട്. ഇത് ഒരു നിർണായകമായ ഇലക്ഷൻ ആയിട്ടാണ് എല്ലാവരും കാണുന്നത്’ -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

