മദ്യനയം പ്രഖ്യാപിക്കുംവരെ പുതിയ ബാർലൈസൻസും പുതുക്കലും പാടില്ല; സർക്കുലർ പുറപ്പെടുവിക്കും
text_fieldsതിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുതെന്ന് എക്സൈസ് കമീഷണര്‍ക്കും ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്കി സര്‍ക്കുലര്‍ പുറത്തിറക്കും. മദ്യനയം വരുന്നതുവരെ ബാര്‍ ലൈസന്‍സ് നല്‍കരുതെന്ന എക്സൈസ് മന്ത്രിയുടെ വാക്കാൽ നിര്‍ദേശം ഉദ്യോഗസ്ഥ തലത്തില്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള സർക്കാർ തീരുമാനം.
മദ്യനയം എത്രയും വേഗം നടപ്പാക്കാന്‍ മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. നിലവില്‍ ബാര്‍ ലൈസന്‍സ് പുതുക്കാനും നല്‍കാനും എക്സൈസ് ഡെപ്യൂട്ടി കമീഷണര്മാര്ക്കുള്ള അധികാരം മദ്യനയത്തിനുമുമ്പ് സര്‍ക്കാര്‍ എടുത്തുകളയും. ഇതിനായി ചട്ടഭേദഗതി വേണ്ടി വരുമെന്ന് മന്ത്രിസഭയിൽ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം ഉയർന്നു. ചട്ടഭേദഗതി വഴി മാത്രമേ ഇത്തരം മാറ്റം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.
മദ്യനയം രൂപവത്കരിക്കുന്നതിനു മുന്നോടിയായി എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായിരുന്നു. മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടും എറണാകുളത്തും കോട്ടയത്തും മൂന്നു ബാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ രണ്ടു ബാര്‍ ലൈസന്‍സ് പുതുക്കുകയും ചെയ്തു. ഇതിലെ അതൃപ്തി എക്സൈസ് മന്ത്രി എം. ലിജു പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബാര്‍ ലൈസന്‍സ് നല്കുമ്പോള് സര്‍ക്കാറിനുള്ള അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് വാർത്തസമ്മേളനത്തിലും വ്യക്തമാക്കി.

