181 നർത്തകരും 35 നൃത്തരൂപങ്ങളും ഒരേ വേദിയിൽ; ആടിത്തിമിർത്ത് റെക്കോഡിട്ട് ‘നാട്യ’
text_fieldsആലപ്പുഴയിൽ ടാലാന്റഡ് ബാങ്കേഴ്സ് കൾച്ചറൽ സൊസൈറ്റി 181 നർത്തരുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 35 നൃത്തരൂപങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ‘നാട്യ’ നൃത്തപരിപാടി
ആലപ്പുഴ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 35 ഇനം നൃത്തരൂപങ്ങൾ ഒരേവേദിയിൽ അവതരിപ്പിച്ച ‘നാട്യ’ റെക്കോഡിട്ടു. വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ സംഘടനയായ ടാലാന്റഡ് ബാങ്കേഴ്സ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയാണ് ഇന്ത്യൻ ബുക്സ് ഓഫ് റെക്കോഡ് നേടിയത്. വിവിധ കലാകാരന്മാരായ 181 നർത്തകർ ഇടവേളകളില്ലാതെ ഒരുമണിക്കൂർ 55 മിനിറ്റ് സമയമെടുത്താണ് നൃത്തയിനങ്ങൾ പൂർത്തിയാക്കിയത്.
കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഓട്ടന്തുള്ളൽ, കഥകളി, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ തുടങ്ങി പഞ്ചാബിന്റെ നൃത്തരൂപമായ ഭാൻഗ്രയിലാണ് ആദ്യഘട്ടം അവസാനിച്ചത്. പിന്നാലെ കാൽബൈലിയ (രാജസ്ഥാൻ), സത്രിയ (അസം), ഖാസി (മേഘാലയ), സന്താളി (ജാർഖണ്ഡ്), സമ്പൽപുരി (ഒഡീഷ), ലംബാഡി (ആന്ധ), ലാവണി (മഹാരാഷ്ട്ര) തുടങ്ങിയ സംസ്ഥാനങ്ങളിലെ നൃത്തയിനങ്ങൾ അവതരിപ്പിച്ചു.
ഇന്ത്യൻ ബുക് ഓഫ് റെക്കോഡ് പ്രതിനിധി സാംജോജിന്റെ സാന്നിധ്യത്തിലായിരുന്നു നൃത്തപ്രകടനം വിലയിരുത്തിയത്. ഇതിന് പിന്നാലെ സർട്ടിഫിക്കറ്റും കൈമാറി. ഇതിനൊപ്പം ബാങ്ക് ജീവനക്കാരുടെ കലാപ്രകടനങ്ങൾ, ചിത്രപ്രദർശനം, ഫോട്ടോപ്രദർശനം, ഹൃസ്വചിത്രമേള എന്നിവയുമുണ്ടായിരുന്നു. പ്രസിഡന്റ് അനിൽ ഉണ്ണിത്താൻ, സെക്രട്ടറി സ്വപ്നരാജ്, ആർജിത് പ്രദീപ്, ലിനിൽ കെ. ബേബി, മമിത പെരുംഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

