കണ്ണൊന്നു തെറ്റിയാൽ പൊൻകുന്നം ബസ് സ്റ്റാൻഡിൽ അപകടം ഉറപ്പ്
text_fieldsപൊൻകുന്നം ബസ് സ്റ്റാൻഡിലെ ബസുകളുടെ നിര കവാടത്തിലെ റോഡിലേക്കു നീണ്ടപ്പോൾ
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടസാധ്യത ഒഴിവാക്കാൻ കൂടുതൽ ശ്രദ്ധയും ക്രമീകരണവും വേണമെന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ കാൽപാദത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറി ഗുരുതര പരിക്കേറ്റിരുന്നു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാൻഡിനുള്ളിലേക്കും സ്റ്റാൻഡിനുള്ളിലൂടെയും അമിതവേഗത്തിലാണ് ചില ബസുകൾ കടന്നുപോകുന്നത്. സ്റ്റാൻഡിൽ എൻ.എസ്.എസ് യൂനിയൻ കെട്ടിടത്തിന്റെ മുന്നിൽ പാലാ, ചങ്ങനാശ്ശേരി റൂട്ടുകളിലേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്നിടമാണ്.
കോട്ടയം-കുമളി റൂട്ടിലുള്ള ബസുകൾ ചിറക്കടവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ മുന്നിൽ നിർത്തി ആൾക്കാരെ കയറ്റിയിറക്കി പോകുകയാണ് രീതി. ഇവിടെ ബസ് ഇറങ്ങുന്നവർ പാലാ റൂട്ടിലേക്കുള്ള ബസിലേക്ക് കയറാൻ സ്റ്റാൻഡിന് നടുവിലൂടെ നടക്കുമ്പോഴാകും ബസുകൾ കവാടത്തിലെ റോഡിലൂടെ കയറി സ്റ്റാൻഡിന്റെ മധ്യഭാഗത്തേക്കെത്തുന്നത്. നിയന്ത്രണമില്ലാത്ത വേഗത്തിലെത്തുന്ന ബസുകളുടെ മുന്നിൽ അകപ്പെടുകയാണ് യാത്രക്കാർ. ഇതിനിടെ ബസ് കണ്ട് ഓടിമാറാൻ ശ്രമിച്ചാൽ അതിലേറെ അപകടമാകും. രാവിലെയും വൈകീട്ടും വിദ്യാർഥികളുടെ തിരക്കുകൂടിയാകുമ്പോൾ ഏറെ അപകടസാധ്യതയാണ് ബസ് സ്റ്റാൻഡിൽ. കയറിയിറങ്ങിപ്പോകേണ്ട ബസുകൾ ഏറെ നേരം നിർത്തിയിടുന്നതുമൂലം പിന്നാലെയെത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാനാകാതെ കവാടത്തിലെ റോഡിലും ദേശീയപാതയിലും നിർത്തിയിടുന്നതും പതിവാണ്.
ഇതുമൂലം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടാകുന്നു. ബസ് സ്റ്റാൻഡിന്റെ ഉടമസ്ഥതയുള്ള ചിറക്കടവ് പഞ്ചായത്തും പൊലീസും കൃത്യമായ ഗതാഗതക്രമീകരണമുണ്ടാക്കുകയും പാലിക്കാൻ ബസ് ജീവനക്കാരെ നിർബന്ധിക്കുകയും ചെയ്തില്ലെങ്കിൽ അപകടങ്ങളേറുമെന്ന് യാത്രക്കാർ ഭയക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

