രാമനാട്ടുകരയിൽ പെയിന്റ് കടയിൽ വൻ അഗ്നിബാധ, ഒന്നര കോടിയിലേറെ നഷ്ടം
text_fieldsരാമനാട്ടുകര പെയിന്റ് ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
രാമനാട്ടുകര: നഗരഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന പെയിന്റ് കടയിൽ നടന്ന വൻ തീപിടിത്തത്തിൽ ജനം പരിഭ്രാന്തരായി. കൊണ്ടോട്ടി റോഡിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ അസോസിയേറ്റ്സ് എന്ന കടയാണ് അഗ്നിക്കിരയായത്.
ഗ്രൗണ്ട് ഫ്ലോർ അടക്കം മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കടയുടെ ഒന്നാം നിലയിലെ മുറിയിൽ നിന്നാണ് ആദ്യം പുക പടർന്നത്. തീ മൂന്നാം നിലയിലേക്ക് പടർന്നെങ്കിലും കൂടുതൽ സ്റ്റോക്കുള്ള താഴെ ഗ്രൗണ്ട് ഫ്ലോറിലേക്ക് പെട്ടെന്ന് പടർന്നു പിടിച്ചതാണ് തീപിടിത്തം ഗുരുതരമാക്കിയത്. പെയിന്റുകൾ, പ്ലംബിങ് വസ്തുക്കൾ, ഇലക്ട്രിക് വയറിങ്ങ് ഉൽപ്പനങ്ങൾ തുടങ്ങി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയാണ് നിമിഷനേരം കൊണ്ട് കത്തിച്ചാമ്പലായത്. കടയിൽ സ്റ്റോക്ക് ചെയ്തിരുന്ന 90 ശതമാനം വസ്തുക്കളും കത്തിയമർന്നു.
രണ്ടു നിലയിലുമുണ്ടായിരുന്ന അലമാരകൾ അടക്കമുള്ള ഫർണ്ണിച്ചറുകളും കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. കടയിൽ സൂക്ഷിച്ചിരുന്ന 9,35,000 രൂപയും കത്തിനശിച്ചു. വാഹനം വിൽപന നടത്തിയ വകയിൽ ലഭിച്ച 5,35,000 രൂപയും കടയിലുണ്ടായിരുന്ന നാല് ലക്ഷവും ഉൾപ്പെടെയാണിത്. മൂന്നു മണിക്കൂർ കിണഞ്ഞു ശ്രമിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീയണച്ചത്.
ഞായറാഴ്ച രാവിലെ ഒരു മണിക്കൂർ കട തുറക്കാറുണ്ടെന്ന് ഉടമ മണ്ണൂർ സ്വദേശി മാമ്പയിൽ നസീർ പറഞ്ഞു. ഇതുപ്രകാരം പതിവുപോലെ ഇന്നലെയും ഒരു മണിക്കൂർ പ്രവർത്തിച്ചശേഷം കട അടച്ചു വീട്ടിലേക്ക് വരുന്ന വഴിയിലാണ് തീപിടുത്ത വിവരം സമീപത്തെ വ്യാപാരികൾ അറിയിക്കുന്നതെന്നും നസീർ പറഞ്ഞു.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽനിന്ന് ഗ്രേഡ് സ്റ്റേഷൻ ഓഫിസർമാരായ ഇ. ഷിഹാബുദ്ദീൻ, സനൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി. അൻവർ, കെ. സുബ്രഹ്മണ്യൻ, കെ. നിജീഷ്, കെ.വി. മുകേഷ്, വി.കെ. അനൂപ്, അൻവർ സാദിഖ്, പി.ഡി. നന്ദകുമാർ, ജെ. ജയേഷ്, ആർ. ഉണ്ണിമായ, കെ. ഐശ്വര്യ, വി.വി. സിഞ്ചു, ഹോംഗാർഡുമാരായ വി. കൃഷ്ണകുമാർ, രാധാകൃഷ്ണൻ, പി.കെ. പ്രദീപ് കുമാർ, കെ. ബിജിലേഷ് എന്നിവരും ബീച്ച് നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.എൻ. ഷിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.സി. സിനീഷ്, അബ്ദുൽ ജലീൽ, എ. വിജീഷ്, കെ.കെ. വിഷ്ണു എന്നിവരും ചേർന്നാണ് തീ അണച്ചത്. ഏകദേശം ഒന്നര കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു. കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

