പിടിക്കുംതോറും ലഹരി ഒഴുക്ക്; നഗരപരിധിയിൽ മാത്രം അടുത്തിടെ പിടികൂടിയത് 30 കോടിയുടെ എം.ഡി.എം.എ
text_fieldsപൊലീസും ഡാൻസാഫ് സംഘവും ഫറോക് പരിധിയിൽ എം.ഡി.എം.എ പിടികൂടിയശേഷം നടപടികൾ പൂർത്തിയാക്കുന്നു (ഫയൽ)
കോഴിക്കോട്: ഒരു മാസത്തിനിടെ കോഴിക്കോട് നഗരപരിധിയിൽ മാത്രം പൊലീസും എക്സൈസ് വകുപ്പും പിടികൂടിയത് ഏതാണ്ട് അഞ്ച് കിലോഗ്രാം എം.ഡി.എം.എ. പൊലീസും എക്സൈസും പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രിൽ ഒന്നിനും മേയ് പത്തിനുമിടയിലാണ് ഇത്രയും കൂടിയ അളവിൽ രാസലഹരി പിടികൂടിയത്. നഗരത്തിന് പുറത്തെ പൊലിസ് സ്റ്റേഷൻ പരിധികളിലും ഈ കാലയളവിൽ ലഹരിവേട്ട നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥർ മറ്റ് ജോലികളിലായതിനാൽ പൊതുവെ കേസുകളുടെ എണ്ണം കുറവാണ്. അതേസമയം പിടികൂടിയ അളവ് വളരെ കൂടുതലായിരുന്നു. ഗ്രാമിന് മൂവായിരം മുതൽ ആറായിരം രൂപവരെയാണ് എം.ഡി.എം.എയുടെ ശരാശരിവില. ഡിമാന്റ് ഉള്ള സമയങ്ങളിൽ ഗ്രാമിന് 10,000 രൂപവരെ വില വരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. നഗരപരിധിയിൽ പിടികൂടിയത് വിപണിയിൽ 30 കോടിയോളം വരെ വില വരുന്ന ലഹരിമരുന്നാണെന്നാണ് കണക്ക്.
ഡാൻസാഫ് സംഘവും പൊലീസും എക്സൈസും നിരന്തരം ലഹരി പിടികൂടുന്നെങ്കിലും കേരളത്തിലേക്ക് എം.ഡി.എം.എയുടെ ഒഴുക്ക് കുറയുന്നില്ലെന്നാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലഹരിയെത്തുന്ന ഉറവിടത്തിൽ പോയി പ്രതികളെ കണ്ടെത്താൻ പൊലിസിന് അപൂർവമായെ സാധിക്കാറുള്ളൂ. പിടിയിലാവുന്നത് കാരിയർമാർ മാത്രമാണ്. കോഴിക്കോട് ഈയിടെ പിടികൂടിയ 3.3കിലോഗ്രാം എം.ഡി.എ എക്സൈസ് സംഘമാണ് പിടിച്ചത്. ഇതിലെ പ്രധാന ഇടനിലക്കാരനെയടക്കം മഹാരാഷ്ട്രയിൽ പോയി അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ എക്സൈസിന് സാധിച്ചു. ഈ കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന. പൊലീസ് പക്ഷെ തുടരന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തുന്നില്ലെന്ന പരാതിയുണ്ട്.
ബംഗളുരു, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് എം.ഡി.എം.എ കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് എത്തുന്നത്. രാസലഹരി വ്യാപകമായതോടെ കഞ്ചാവ്, ബ്രൗൺഷുഗർ പോലുള്ള ലഹരി ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വലിയ തോതിൽ പണം സമ്പാദിക്കാമെന്നതിനാൽ ലഹരി കടത്താൻ എത്ര റിസ്കും എടുക്കാൻ പുതിയ തലമുറ തയാറാവുന്നു എന്നാണ് കേസന്വേഷണത്തിൽനിന്ന് മനസിലാവുന്നത്. ഒരിക്കൽ പ്രതികളായവർ തന്നെ വീണ്ടും വീണ്ടും കേസിൽ അകപ്പെടുന്നു. ബംഗളുരു മുംബൈ വിപണികളിൽനിന്ന് ലഹരിവാങ്ങി കേരളത്തിലെത്തിച്ചാൽ ഗ്രാമിന് ഇരട്ടിവില ലഭിക്കുമത്രെ. ഡിമാന്റ് ഉള്ള സമയങ്ങളിൽ ഇരട്ടിയിലധികമാണ് ലാഭം. ഇതിന്റെ നിയമവശങ്ങൾ അറിയാതെ യുവാക്കൾ കാരിയർമാരാകുന്ന സംഭവങ്ങളുമുണ്ട്. പത്ത് ഗ്രാമിന് മുകളിൽ ഇത്തരം രാസവസ്തുക്കൾ കൈവശം വെക്കുന്നത് പത്ത് മുതൽ 20 വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിൽ പിടിയിലാകുന്നവരിൽ ഏറെയും യുവാക്കളാണ്. പെൺകുട്ടികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഇന്റർനെറ്റിലെ രഹസ്യവിപണിയായ ഡാർക് വെബ് വഴി ഓർഡർ ചെയ്ത് കൊറിയർ സർവിസ് വഴി രഹസ്യമായി മയക്കുമരുന്ന് ലക്ഷ്യസ്ഥലങ്ങളിൽ എത്തിക്കുന്നതായും അനേഷണസംഘങ്ങൾ പറയുന്നു. രഹസ്യ ലബോറട്ടറികളിൽ നിർമിക്കുന്ന രാസലഹരി എവിടെയെല്ലാമാണ് ഉൽപാദിപ്പിക്കുന്നതെന്ന് കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്കാവുന്നില്ല. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം പാടെ തകർക്കുന്നതാണ് രാസലഹരി. ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ പെട്ടെന്ന് തകരാറിലാക്കുമെന്നതാണ് പ്രത്യാഘാതങ്ങളിലൊന്ന്. മറ്റ് ലഹരികളെ അപേക്ഷിച്ച് എം.ഡി.എം.എയുടെ ഏറ്റവും വലിയ അപകടം, അത് ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ ശരീരത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ ലഹരിയുടെ മൂർദ്ധന്യത്തിൽ തിരിച്ചറിയാൻ കഴിയില്ലെന്നതാന്നാണ് ഡോക്ടർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

