ചേളാരി പ്ലാന്റിൽ ഗാർഹിക സിലിണ്ടർ ഉൽപാദനം വർധിപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: ചേളാരി ഐ.ഒ.സി പ്ലാന്റിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ ഉൽപാദനം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അൽപം കൂട്ടി. ബുധനാഴ്ച 40 ലോഡ് ഗാർഹിക സിലിണ്ടറുകളാണ് വിപണിയിലേക്ക് കയറ്റി അയച്ചിരുന്നത്. ഇത് വ്യാഴാഴ്ച 70 ലോഡാക്കി ഉയർത്തി. ഒരു ലോഡിൽ പരമാവധി 342 സിലിണ്ടറുകൾ വരെയാണുണ്ടാകുക. എന്നാൽ നേരത്തെയുണ്ടായിരുന്ന പ്രതിദിന ലോഡുകളുകളുടെ കണക്ക് പരിശോധിക്കുമ്പോൾ ഇപ്പോഴത്തെ എണ്ണം കുറവാണ്.
നേരത്തെ ഗാർഹിക പാചക വാതക സിലിണ്ടറുകൾ പ്രതിദിനം 90 മുതൽ 110 ലോഡ് വരെയുണ്ടായിരുന്നു. മാർച്ച് 16ഓടെ സാഹചര്യങ്ങളിൽ അൽപം മാറ്റം വന്നേക്കും. ബുധനാഴ്ച രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെയുള്ള ഒരു ഷിഫ്റ്റിൽ മാത്രമേ ഉൽപാദനം നടന്നിരുന്നുള്ളു. വ്യാഴാഴ്ച രണ്ട് ഷിഫ്റ്റുകളായി ഉൽപാദനം നടന്നു. നിലവിൽ മംഗലാപുരത്ത് നിന്ന് ഐ.ഒ.സിയിലേക്കുള്ള ടാങ്കറുകളുടെ വരവിൽ കാര്യമായ കുറവുണ്ടായിട്ടില്ല. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ ഉൽപാദനം കുറച്ചത് വിപണിയിൽ അനാവശ്യ പൂഴ്ത്തിവെപ്പ് തടയാനാണെന്നാണ് സൂചന. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇതുവരെയില്ലെന്ന് അധികൃതർ വ്യക്തമാക്കി
വീടുകളിലും ആശങ്ക
മലപ്പുറം: പാചക വാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച ആശങ്കകൾ വീടുകളിലെ അടുക്കളകളിലേക്കും കടക്കുന്നു. ഓരോ ദിവസവും പുറത്ത് വരുന്ന കാര്യങ്ങളിൽ വീട്ടമ്മമാരടക്കം ആശയകുഴപ്പിലാണ്. നിലവിൽ ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്ത ഘട്ടത്തിൽ നിയന്ത്രണമുണ്ടാകുമോ എന്നാണ് ആശങ്ക. നിലവിൽ ബുക്കിങ് ഇടവേള ഉയർത്തിയത് ഉപഭോക്തക്കളെ ചെറിയ രീതിയിൽ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലടക്കം ആളുകൾ അധികവും പാചകവാതകത്തെയാണ് ആശ്രയിക്കുന്നത്.
വാണിജ്യ സിലിണ്ടർ ഉൽപാദനം തുടങ്ങിയില്ല
മലപ്പുറം: ഐ.ഒ.സിയിൽ മാർച്ച് 10ന് നിർത്തിവെച്ച വാണിജ്യ സിലിണ്ടറുകളുടെ ഉൽപാദനം ഇതുവരെ അധികൃതർ പുനഃസ്ഥാപിച്ചില്ല. പുതിയ നിർദേശം വരുന്നത് വരെ വാണിജ്യ സിലിണ്ടറുകൾ ഉൽപാദിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 19 കിലോ വാണിജ്യ സിലിണ്ടർ, എൽ.ഒ.ടി സിലിണ്ടർ, ജംബോ സിലിണ്ടർ എന്നിവയാണ് നിലവിൽ ഉൽപാദനം നിർത്തിയത്. ഇതോടെ ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളുമടക്കം പ്രതിസന്ധിയിലേക്ക് നീക്കുകയാണ്. റമദാനിൽ കാറ്ററിങ് യൂനിറ്റുകൾക്ക് മികച്ച വരുമാനം ലഭിക്കുന്ന അവസരമാണ്. സിലിണ്ടറുകളുടെ പ്രതിസന്ധി യൂനിറ്റുകൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ചില യൂനിറ്റുകൾ കുറവ് ഊർജ്ജം ആവശ്യം വരുന്ന രീതിയിൽ ഭക്ഷണ മെനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റ് ചിലർ വിറകുകളിലേക്കും ചുവട് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

