ഇന്ധന പ്രതിസന്ധി; നിലച്ചത് മുപ്പതോളം ഹോട്ടലുകൾ
text_fieldsപ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വാണിജ്യാവശ്യത്തിനുള്ള പാചകവാതകം ലഭിക്കാതായതോടെ ജില്ലയിലും ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്. സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ജില്ലയിൽ ഇന്നലെ വരെ 30 ഓളം ഹോട്ടലുകളാണ് പ്രവർത്തനമവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നൽകുന്ന സൂചന. പെട്ടെന്ന് വിറകടുപ്പിലേക്ക് മാറാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. വിറക് ലഭ്യമല്ലാത്തതും, വിറകടുപ്പിൽ നിന്നുള്ള പുക ശ്വാസകോശ രോഗങ്ങൾക്കും അലർജിക്കും കാരണമാകുമെന്ന ഭയത്താൽ തൊഴിലാളികൾ വിമുഖത കാണിക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. ഇലക്ട്രിക്കോ കരിയോ ഉപയോഗിച്ചുള്ള പാചകം ഭാരിച്ച ചെലവേറിയതുമാണ്.
പ്രതിസന്ധി മറികടക്കാൻ പൊതു അടുക്കള നടപ്പാക്കാനാണ് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനം. ഇവിടെ വിഭവങ്ങൾ തയാറാക്കി അംഗങ്ങൾക്ക് വിതരണം ചെയ്യും. പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഉച്ചഭക്ഷണം ഒഴിവാക്കിയും പ്രവർത്തന സമയം കുറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുദ്ധം കാരണമായി പാചക എണ്ണ, ബിരിയാണി അരി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതും തിരിച്ചടിയാണ്. സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഹോട്ടലുകളിലായി പത്ത് ലക്ഷത്തോളം തൊഴിലാളികൾ നേരിട്ടും, 40 ലക്ഷത്തോളം പേർ പരോക്ഷമായും ഈ തൊഴിലിനെ ആശ്രയിച്ചാണ് കഴിയുന്നത്. കമ്മ്യൂണിറ്റി കിച്ചൻ ഒരുക്കി നാടിനൊപ്പം നിന്ന വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും , ഗ്യാസ് സിലിണ്ടറുകൾ അവശ്യവസ്തുവായി പ്രഖ്യാപിച്ച് വിതരണം പുനഃസ്ഥാപിക്കണമെന്നും ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കോവിഡ് കാലത്തും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴും കമ്മ്യൂണിറ്റി കിച്ചണുകളൊരുക്കി നാടിനൊപ്പം നിന്ന വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം. ഗ്യാസ് സിലിണ്ടറുകളെ അവശ്യവസ്തുവായി പ്രഖ്യാപിച്ച് വാണിജ്യ സിലിണ്ടറുകളുടെ വിതരണം പുനഃസ്ഥാപിക്കണം. കോവിഡ് കാലത്തിന് സമാനമായ വായ്പാ മൊറട്ടോറിയം അനുവദിക്കണം. വരുമാനം നിലച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയാണ്.
-റസാഖ് എൻ.എം.ആർ (ഹോട്ടൽ റെസ്റ്റോറന്റ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി )
പാചകവാതക ക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ഹോട്ടലുകൾ പൂട്ടേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യം മറികടക്കാൻ കെ.എച്ച്.ആർ.എ ജില്ല കമ്മിറ്റി വിറകടുപ്പുകൾ ഉപയോഗിച്ചുള്ള പൊതു അടുക്കളകൾ ഒരുക്കുന്നു. യൂനിറ്റുകളുടെ നേതൃത്വത്തിൽ വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്ത് അംഗങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ഗ്യാസ് സിലിണ്ടറുകളെ അവശ്യവസ്തുവായി പ്രഖ്യാപിച്ച് വിതരണം പുനഃസ്ഥാപിക്കണം.
-ഫിറോസ് ബാബു (ഹോട്ടൽ റെസ്റ്റോറന്റ് അസോ. ജില്ല പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

