മരുന്നിനായി ഇനി ഓടി നടക്കേണ്ട; തിരുവനന്തപുരം മെഡിക്കൽ കോളജിൽ സംയോജിത ഇൻഷുറൻസ് ഫാർമസി കൗണ്ടർ യാഥാർഥ്യമായി
text_fieldsസംയോജിത ഇൻഷുറൻസ് ഫാർമസി കൗണ്ടറിർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ കോളജ്: രോഗികൾക്ക് മരുന്നിനു നെട്ടോട്ടമോടുന്ന കൂട്ടിരിപ്പുകാർക്കിനി വിശ്രമിക്കാം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സംയോജിത ഇൻഷുറൻസ് ഫാർമസി കൗണ്ടർ യാഥാർഥ്യമായി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വരുന്ന എല്ലാ മരുന്നുകളും ഒരു കൗണ്ടറിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണിത്.
രാത്രികാലങ്ങളിൽ പോലും സ്ത്രീകൾ ഉൾപ്പെടെയുള്ള കൂട്ടിരിപ്പുകാർ കാരുണ്യ ഫാർമസിയിലേക്കും എച്ച്.ഡി.എസ് പേയിങ് കൗണ്ടറിലും മരുന്ന് അന്വേഷിച്ച് അലയേണ്ട സാഹചര്യമാണ് ഇതിലൂടെ ഒഴിവാകുന്നത്. പഴയ അത്യാഹിത വിഭാഗത്തിനു സമീപമാണ് കൗണ്ടർ സജ്ജീകരിച്ചത്. ലിസ്റ്റുമായി വരുന്നവർക്ക് വിവിധ കൗണ്ടറുകളിൽ നിന്ന് മരുന്നു എത്തിച്ചു നൽകാൻ ഇവിടെ പ്രത്യേകം ജീവനക്കാരുണ്ടാകും.
ഇതിനായി നേരത്തേ മന്ത്രി വീണാ ജോർജ് ഇടപെട്ട് കാരുണ്യ ഫാർമസിയുടെ ഒരു കൗണ്ടർ സംയോജിത ഇൻഷുറൻസ് ഫാർമസി കൗണ്ടറിനടുത്ത് സ്ഥാപിച്ചു. എച്ച്.ഡി.എസിന്റെ കമ്യൂണിറ്റി ഫാർമസി കൗണ്ടർ, എച്ച്.എൽ.എൽ കൗണ്ടർ എന്നിവിടങ്ങളിൽ നിന്നുമാണ് മരുന്ന് വാങ്ങേണ്ടത്. മുമ്പ് ഒരിടത്തു കിട്ടാത്ത മരുന്നിനായി കുറിപ്പടിയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് ആരോഗ്യ ഇൻഷുറൻസ് കൗണ്ടറിലെത്തി സീൽ ചെയ്തു വേണം അടുത്ത ഫാർമസിയിലേക്ക് പോകേണ്ടത്. ഇതും രോഗികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എല്ലാ കൗണ്ടറും അടുത്തുള്ളതിനാലും സഹായത്തിനായി ജീവനക്കാർ ഉള്ളതിനാലും മരുന്നു വാങ്ങാനെത്തുന്നവർക്ക് അലച്ചിൽ ഒഴിവാകും. കേരള എൻ.ജി.ഒ യൂനിയനും സംയോജിത ഫാർമസി കൗണ്ടറിനായി പ്രൊപ്പോസൽ ആരോഗ്യമന്ത്രിക്ക് നൽകിയിരുന്നു.
മന്ത്രി വീണ ജോർജ് സംയോജിത ഇൻഷുറൻസ് ഫാർമസി കൗണ്ടർ, ഹെൽത്ത് ഹബ്, അവയവമാറ്റം ചെയ്തവർക്കുള്ള സീറോ പ്രോഫിറ്റ് കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

